ശബരിമലയില്‍ പ്രതിഷേധങ്ങള്‍ വിലക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ വിലക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
ശബരിമലയില്‍ പ്രതിഷേധങ്ങള്‍ വിലക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമല ക്ഷേത്രവും പരിസരവും പ്രതിഷേധവേദിയാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.  പ്രതിഷേധങ്ങള്‍ വിലക്കണമെന്നും സുപ്രീംകോടതി വിധിയനുസരിച്ചുള്ള യുവതീപ്രവേശം തടസ്സപ്പെടുത്തുന്നത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തൃശൂര്‍ മാള പൈതൃകസംരക്ഷണ സമിതിയുടെ പ്രസിഡന്റ് കര്‍മചന്ദ്രനാണു ഹര്‍ജി നല്‍കിയത്.

ശബരിമലയില്‍ പ്രതിഷേധം നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും നേതാക്കളെയും അനുവദിക്കരുതെന്നാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിഷേധത്തിന്റെ പേരില്‍ ശബരിമലയിലെത്തുന്നവര്‍ തീര്‍ഥാടകരെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. 

പൊതുആരാധനാ സ്ഥലങ്ങളുടെ ദുരുപയോഗം തടയല്‍ നിയമം, ഹിന്ദു ആരാധനാസ്ഥലം (പ്രവേശന) നിയമം, പാതയോര പൊതുയോഗനിയന്ത്രണ നിയമം എന്നിവയുടെ ലംഘനം പ്രകടമാണ്. അക്രമങ്ങള്‍ക്കു മുതിരുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കാതിരിക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നു കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസില്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവിരുദ്ധമായ നടപടികളുണ്ടായിട്ടും തടയാനുള്ള ശ്രമം അധികൃതരില്‍നിന്ന് ഉണ്ടാവുന്നില്ല. പ്രശ്‌നസാധ്യത ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. അക്രമങ്ങളിലുണ്ടായ നഷ്ടം കാരണക്കാരായവരില്‍നിന്ന് ഈടാക്കണമെന്നും ഹര്‍ജിയിലുണ്ട്.

ബിജെപി, ബിജെപി നേതാക്കളായ പി. എസ്.ശ്രീധരന്‍ പിള്ള, കെ.സുരേന്ദ്രന്‍, എം. ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, പി. കെ. കൃഷ്ണദാസ്, കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തുടങ്ങിയവരെ ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com