സര്‍ക്കുലറിനെ ന്യായീകരിച്ച് ശ്രീധരന്‍പിള്ള: ശബരിമലയില്‍ ആവശ്യമെങ്കില്‍ ഇനിയും ആളെ സംഘടിപ്പിക്കും

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ശബരിമലയിലേക്ക് പ്രവര്‍ത്തകരെ അയക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത് സമ്മതിച്ച് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള
സര്‍ക്കുലറിനെ ന്യായീകരിച്ച് ശ്രീധരന്‍പിള്ള: ശബരിമലയില്‍ ആവശ്യമെങ്കില്‍ ഇനിയും ആളെ സംഘടിപ്പിക്കും

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ശബരിമലയിലേക്ക് പ്രവര്‍ത്തകരെ അയക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത് സമ്മതിച്ച് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ നടന്ന പൊലീസ് മര്‍ദനത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ സര്‍ക്കുലറിനെ പറ്റി സിപിഎം ആരോപണം ഉന്നയിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

പാര്‍ട്ടി റഗുലറായി സര്‍ക്കുലര്‍ ഇറക്കുന്നതല്ലേ, ഞങ്ങളുടെ നിലപാട് സുവ്യക്തമല്ലേ? ഒക്ടോബര്‍ ഒന്നുമതല്‍ ബിജെപി സമരത്തിലാണ്. ആ സമരത്തില്‍ ആളുകളെ സംഘടിപ്പിച്ചുകൊടുക്കുക എന്നത് പാര്‍ട്ടിയുടെ പ്രതിബദ്ധതയാണ്. സിപിഎം ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ്. ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാടാണ് സിപിഎം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ആചാര സംരക്ഷണത്തിനായി നിലയ്ക്കലില്‍ സമരം ആരംഭിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.  ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കും. ജയില്‍ നിറയ്ക്കല്‍ സമരം ഉള്‍പ്പെടെയുള്ള ഒരുപാട് സമരങ്ങള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകും. ഈമാസം 25മുതല്‍ 30വരെ എന്‍ഡിഎ ഗൃഹ സമ്പര്‍ക്കവും ഒപ്പുശേഖരണവും നടത്തും. ഡിസംബര്‍ 5മുതല്‍ 10വരെ ശബരിമല സംരക്ഷണ സദസ്സുകള്‍ നടത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. 

പൊലീസ് കേന്ദ്രീകൃത സമൂഹമല്ല നമ്മുടേത്. പൊലീസിന് അധികാരം കൊടുത്തുകൊണ്ട് ആത്മഹത്യാപരമായ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിന് എതിരെയല്ല സമരമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. യുതി എന്നൊരുവാക്ക് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും ശ്രീധരപിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com