എംഎൽഎ പ്രതിയായ മനാഫ് വധക്കേസിലെ പ്രതി വിദേശത്തേക്ക് മുങ്ങിയത് പേര് മാറ്റി 

എംഎൽഎ പ്രതിയായ മനാഫ് വധക്കേസിലെ പ്രതി വിദേശത്തേക്ക് മുങ്ങിയത് പേര് മാറ്റി 

യൂത്ത് ലീ​ഗ് പ്രവർത്തകനായിരുന്ന മനാഫിനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതി ജാമ്യത്തിലിറങ്ങി പേരുമാറ്റി പാസ്പോർട്ട് ലഭ്യമാക്കിയതായി വിവരം

മലപ്പുറം: യൂത്ത് ലീ​ഗ് പ്രവർത്തകനായിരുന്ന മനാഫിനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതി ജാമ്യത്തിലിറങ്ങി പേരുമാറ്റി പാസ്പോർട്ട് ലഭ്യമാക്കിയതായി വിവരം. നിലമ്പൂർ എംഎൽഎ പിവി അൻവർ പ്രതിയായ കേസിൽ എളമരം മപ്രം ചെറുവായൂർ പയ്യനാട്ട്തൊടിക എറക്കോടൻ ഇപി കബീറാണ് കോടതിയെ കബളിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും രാഷ്ട്രീയ നേതാക്കളടക്കമുള്ളവരും പ്രതിയെ സഹായിച്ചെന്നാണ് സൂചന. 

1995 ഏപ്രിൽ 13ന് പട്ടാപ്പകൽ ഒതായി അങ്ങാടിയിൽ വച്ച് കത്തിയും അടിച്ചുമായിരുന്നു മനാഫിനെ കൊലപ്പെടുത്തിയത്. കേസിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ ശേഷം നാട്ടിലെത്തി ​ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരുമാറ്റി. വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽപ്പോയ കബീർ 2008 ഏപ്രിൽ 29ലെ കേരള ​ഗസറ്റിൽ പരസ്യം നൽകി പേര് ജാബിർ ഇപി എന്നാക്കി പാസ്പോർട്ടും സമ്പാദിച്ചു. 

2015ൽ പുതുക്കിയ പാസ്പോർട്ട് പ്രകാരം ഖത്തറിലേക്കും തിരിച്ചും നാൽപ്പതിലേറെ യാത്രകളാണ് പ്രതി നടത്തിയത്. പുതിയ പേര് പൊലീസിനും  കോടതികൾക്ക് മുന്നിലും മറച്ചുവച്ചു. ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിനിടെ പാസ്പോർട്ട് ഹാജരാക്കാൻ ​​​ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. രണ്ട് പതിറ്റാണ്ട് വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ പ്രതികൾ പാസ്പോർട്ടും സ്പോൺസറുടെ വിവരങ്ങളും പൊലീസിന് കൈമാറാൻ തയ്യാറായില്ലെന്നും ഇവർ വീണ്ടും വിദേശത്തേക്ക് രക്ഷപ്പെട്ട് വിചാരണ നീട്ടിക്കൊണ്ടുപോകുമെന്നും കണ്ടാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. ​ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ജാമ്യാപേക്ഷയിൽ 2015 മുതലുള്ള പാസ്പോർട്ടിന്റെ വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. 

കൊലപാതകം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിട്ടും അൻവറിന്റെ രണ്ട് സഹോദരീ പുത്രൻമാരടക്കം നാല് പ്രതികളെ പിടികൂടാൻ പൊലീസ് നടപടിയെടുത്തില്ല. അതിനാൽ മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയാണ് പേരുമാറ്റി നിയമത്തിൽ നിന്ന് രക്ഷപ്പെട്ട കബീറിന് കുരുക്കായത്. 

അൻവറടക്കമുള്ള പ്രതികളെ ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്ന് മാസത്തിനകം പിടിക്കാൻ കോടതി കഴിഞ്ഞ ജൂലൈ 25നാണ് ഉത്തരവിട്ടത്. എന്നാൽ പാസ്പോർട്ട് രേഖപ്രകാരം ജൂലൈ ഏഴ് മുതൽ കബീർ എളമരം മപ്രത്തെ വീട്ടിലുണ്ടായിരുന്നു. പ്രതി വിദേശത്താണെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ഓ​ഗസ്റ്റ് 30ന് ഇയാളും മറ്റൊരു പ്രതി മുനീബും മഞ്ചേരിക്കോടതിയിൽ കീഴടങ്ങുകയായിരുന്നു. 85 ദിവസമായി കബീറും മുനീബും കോഴിക്കോട് സബ്ജയിലിൽ റിമാൻഡിലാണ്. 

മനാഫിനെ കൊലപ്പെടുത്തുമ്പോൾ ജീപ്പ് ഡ്രൈവറായിരുന്ന കബീർ ഇന്ന് കോടീശ്വരനായ ബിസിനസുകാരാനാണ്. ഖത്തറിൽ കുടിവെള്ള വിതരണത്തിന്റെ കരാർ ജോലികളുമടക്കം വൻ ബിസിനസാണ് നടത്തുന്നത്. മപ്രത്ത് കോടിക്കണക്കിന് പണം മുടക്കിയാണ് വീട് നിർമ്മിച്ചത്. കേസിൽ നേരത്തെ എംഎൽഎയെ വെറുതെവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com