ഞാന്‍ ആര്‍എസ് എസ്സില്‍ നിന്ന് സിപിഎമ്മിലേക്കുള്ള പാലം ; കണ്ണൂരിലെ സംഘര്‍ഷം പൈതൃകമായി കിട്ടിയതെന്ന് വല്‍സന്‍ തില്ലങ്കേരി

1968-ലാണ് കണ്ണൂരില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. പിണറായി വിജയനടക്കം ആ കേസില്‍ പ്രതിയാണ്
ഞാന്‍ ആര്‍എസ് എസ്സില്‍ നിന്ന് സിപിഎമ്മിലേക്കുള്ള പാലം ; കണ്ണൂരിലെ സംഘര്‍ഷം പൈതൃകമായി കിട്ടിയതെന്ന് വല്‍സന്‍ തില്ലങ്കേരി

കൊച്ചി : സിപിഎം നേതൃത്വവുമായി ആര്‍എസ്എസില്‍ ഉള്ള പാലമാണ് താനെന്ന് വല്‍സന്‍ തില്ലങ്കേരി. അവരെ വിളിക്കാറുള്ളത് ഞാനാണ്. അവര്‍ എന്നെയും വിളിക്കാറുണ്ട്. ഏതു സംഘര്‍ഷസമയത്തും വിളിക്കാറുണ്ട്. എത്ര സംഘര്‍ഷം ഉണ്ടെങ്കിലും വിളിക്കാറുണ്ട്. അങ്ങനെയുള്ള ബന്ധം അറ്റുപോയിട്ടില്ല. ചില സമയങ്ങളില്‍ ഔദ്യോഗിക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. സംഘടനാപരമായും തീരുമാനിക്കും. പലപ്പോഴും തെറ്റിദ്ധാരണകള്‍ നീങ്ങുന്നത് ഇത്തരം ആശയവിനിമയത്തിലൂടെയാണെന്ന് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസ് സംസ്ഥാനസമിതി അംഗവും ഇരിട്ടി പ്രഗതി കോളേജ് പ്രിന്‍സിപ്പലുമായ വത്സന്‍ തില്ലങ്കേരി മനസ്സ് തുറന്നത്. 

1968-ലാണ് കണ്ണൂരില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. 1964-ലാണ് ഞാന്‍ ജനിക്കുന്നത്. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് ആദ്യത്തെ കൊലപാതകം. പിണറായി വിജയനടക്കം ആ കേസില്‍ പ്രതിയാണ്. അന്ന് സിപിഎമ്മിനെ നയിക്കുന്നത് അവരാണ്. ആര്‍എസ്.എസ്സിനെ നയിക്കാന്‍ ഇപ്പുറത്ത് വേറെയും ആളുകളുണ്ടായിരുന്നു. ഞാനൊക്കെ സംഘടനയുടെ ജില്ലാ നേതൃത്വത്തിലേക്ക് വരുന്നത് 1990-കളിലാണ്. പി. ജയരാജനും ഏകദേശം അതേസമയത്താണ് വരുന്നത്. ഞങ്ങള്‍ക്ക് ഈ കണ്ണൂര്‍ സംഘര്‍ഷം പൈതൃകമായി കിട്ടിയതാണ്. ഞങ്ങളുടെ മുന്‍തലമുറയുടെ കാലത്താണ് ഇത് തുടങ്ങിയത്. അവരാണ് ഇതിനെ വളര്‍ത്തിയത്. അതുകൊണ്ട് ഞങ്ങളുടെ കാലത്ത് രൂപപ്പെട്ടതോ ഞങ്ങള്‍ ഉണ്ടാക്കിയതോ ആയ സംഗതിയല്ല ഇത്. പത്തോ ഇരുപതോ കൊല്ലമല്ല, നാല്പത് വര്‍ഷത്തിലധികമായി ഉള്ള വൈരനിര്യാതന ബുദ്ധിയും കുടിപ്പകയും സ്പര്‍ധയും ഈ വിഷയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

എല്ലാ വിഷയങ്ങളും രാഷ്ട്രീയമായി ഉണ്ടാകുന്നതല്ല. തുടക്കം പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളായിരിക്കും. പിന്നീട് രാഷ്ട്രീയക്കാര്‍ അത് ഏറ്റെടുക്കേണ്ടിവരും. നേരെമറിച്ച് അതിന്റെ വസ്തുത അന്വേഷിച്ചാല്‍ പല പ്രശ്‌നങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്നു മനസ്സിലാകും. അതിനുള്ള ക്ഷമയും സഹനവും പലപ്പോഴും പ്രാദേശികതലത്തില്‍ ഉണ്ടാവാറില്ല. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന രീതിയിലുള്ള കാഴ്ചപ്പാട് ഉണ്ടായതാണ് പ്രശ്‌നം. ആര്‍.എസ്.എസ്സില്‍നിന്ന് 2006-ല്‍ കൊല്ലപ്പെട്ട തില്ലങ്കേരിയിലെ അശ്വിനികുമാര്‍, 2012-ല്‍ പള്ളിക്കുന്നിലെ സച്ചിന്‍ ഗോപാല്‍, ഈ വര്‍ഷമാദ്യം കണ്ണവത്തെ ശ്യാമപ്രസാദ്-ഈ കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമായി കാണാന്‍ കഴിയുമോ? അശ്വിനിയുടേത് എന്‍.ഡി.എഫായിരുന്നു. സച്ചിന്റേത് ക്യാംപസ് ഫ്രണ്ടും ശ്യാമപ്രസാദിന്റേത് എസ്.ഡി.പി.ഐയും. ഇതിന് മതപരമായ ഒരു സ്വഭാവം കൂടിയുണ്ട്. ഈ മൂന്നു കൊലപാതകങ്ങളിലും രാഷ്ട്രീയത്തെക്കാളുപരി വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ ഉണ്ട്.

കണ്ണൂരില്‍ കേസുകളെല്ലാം ഭരണകക്ഷിയുടെ താല്‍പ്പര്യമനുസരിച്ചാണ് അന്വേഷിക്കുക. അതുകൊണ്ടുതന്നെ നിരപരാധികളെ പ്രതി ചേര്‍ക്കും. ഇതിന്റെയൊന്നും ആനുകൂല്യം ഞങ്ങള്‍ക്ക് കിട്ടില്ലല്ലോ. ഞങ്ങളിവിടെ ഇതുവരെ ഭരണകക്ഷിയായിട്ടില്ല. പുന്നാട് സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ ഞാനും പ്രതിയാണ്. ഞാന്‍ കൊല്ലാന്‍ പോയിട്ടാണോ പ്രതിയായത്. കേസന്വേഷിക്കുന്ന സി.ഐ ഒരു ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു, നിങ്ങളെ ഒരു കേസില്‍ പ്രതി ചേര്‍ക്കുകയാണ് എന്ന്. മുകളില്‍നിന്നുള്ള ഉത്തരവാണ്. എനിക്കെതിരെ ഒരു തെളിവുമില്ലാതെ എങ്ങനെയാണ് പ്രതിയാക്കുക എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആ കസേരയില്‍ അയാള്‍ക്ക് പകരം ആര് ഇരുന്നാലും ഇതു ചെയ്യേണ്ടിവരും എന്നാണ്. അതില്‍ പ്രതിഷേധിച്ച് 10 ദിവസം ഞാന്‍ നിരാഹാരം കിടന്നു. ഞങ്ങള്‍ക്ക് പൊലീസുമില്ല ഭരണവുമില്ല. കേരളത്തിലെങ്കിലും സി.പി.എമ്മുകാരായ ആളുകളെ അങ്ങനെ ചെയ്യാന്‍ ഇതുവരെ സൗകര്യവും ഉണ്ടായിട്ടില്ല.

ചെറിയ കേസുകളൊക്കെ ഒത്തുതീര്‍പ്പാക്കാറുണ്ടെന്ന് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. എല്ലാ കാലത്തും കോടതി കയറിയിറങ്ങാന്‍ കഴിയില്ലല്ലോ. അങ്ങനെ കോടതി കയറിയിറങ്ങാതെ അടിപിടിക്കേസൊക്കെ ധാരണയാക്കുന്നതില്‍ എന്താണ് തെറ്റ്. തെറ്റുണ്ട് എന്നു പറയുകയാണെങ്കില്‍ എപ്പോഴും ആളുകള്‍ സ്പര്‍ധയിലും വൈരാഗ്യത്തിലും നില്‍ക്കണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നല്ലേ അര്‍ത്ഥം. ധാരണയാക്കുന്നുണ്ടെങ്കില്‍ അത്രയും നല്ലതല്ലേ. 

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആള്‍ എന്ന ഇമേജ് എനിക്ക് ചാര്‍ത്തിത്തന്നതാണ്. ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കേസില്‍ ചേര്‍ക്കുന്നില്ല. സി.പി.എം അല്ലേ ഭരിക്കുന്നത്. അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ എന്നെ ഒഴിവാക്കും എന്നു തോന്നുന്നുണ്ടോ? ഇന്നുവരെ എന്റെ ആസൂത്രണത്തില്‍, അല്ലെങ്കില്‍ എന്റെ മനസ്സറിവില്‍ ഒരു അടിക്കേസുപോലും നടന്നിട്ടില്ല. പ്രചരണം നടത്തുന്നവര്‍ക്ക് ഒരു നായകന്‍ ഉണ്ടാകുമ്പോള്‍ ഒരു പ്രതിനായകന്‍ കൂടി വേണമല്ലോ. ഇപ്പുറത്ത് പി. ജയരാജന്‍ വരുമ്പോള്‍ അതിന്റെ കൂടെ നിര്‍ത്താന്‍ ഒരാളുവേണം. അപ്പോള്‍ ഒരു വില്ലനായി എന്നെ കയറ്റിവെച്ചു. ഞാനൊരു അധ്യാപകനാണ്. അയ്യായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന കോളേജിന്റെ പ്രിന്‍സിപ്പല്‍ കൂടിയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇതുപോലൊരു സ്ഥാപനം ഇത്തരം ഇമേജുള്ള ഒരാള്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ പറ്റുമോയെന്ന് വല്‍സന്‍ തില്ലങ്കേരി ചോദിച്ചു. 

എന്റെ വഴി അതല്ല. എന്റെ സംഘടനയുടെ വഴിയും അതല്ല. അടിപിടികള്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങളും സംഭവിച്ചിട്ടുണ്ട്. പക്ഷേ, നേതൃത്വത്തിന്റെ ഭാഗത്തുനിന്നു പ്ലാന്‍ ചെയ്യുന്ന ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ല. ആര്‍.എസ്.എസ്സിന്റെ ഏത് നേതാവാണ് ഗൂഢാലോചന കേസില്‍പ്പെട്ടിട്ടുള്ളത്. ഞങ്ങളുടെ സംഘടനയ്ക്ക് അങ്ങനെയൊരു ലൈന്‍ ഇല്ല. എന്നുവെച്ച് ഒരു അടി ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ പാടില്ല എന്നു ഞങ്ങളുടെ ആളുകള്‍ പറയില്ല. ചിലപ്പോള്‍ തിരിച്ചടിക്കും. പക്ഷേ, ആസൂത്രണം ചെയ്തു കൊലപാതകമോ സംഘര്‍ഷമോ ഉണ്ടാക്കാറില്ല. യാദൃച്ഛികമായി ഉണ്ടാകുന്ന സംഭവങ്ങളുണ്ട്. ചിലപ്പോള്‍ അങ്ങനെയുണ്ടായ സംഭവങ്ങളിലെ പ്രതികളെ സംരക്ഷിക്കേണ്ടിയും വരും. അതിനര്‍ത്ഥം ആ സംഭവത്തിന്റെ ആകെ ഉത്തരവാദിത്വം സംഘടനയ്ക്കാണ് എന്നല്ല. വല്‍സന്‍ തില്ലങ്കേരി നിലപാട് വ്യക്തമാക്കി. 

സ്ത്രീ വിവേചനത്തിന് ആര്‍.എസ്.എസ് എതിരാണ്. പുരുഷന് പോകാവുന്നിടത്തൊക്കെ സ്ത്രീക്കും പോകാം. ശബരിമലയില്‍ പക്ഷേ, സ്ത്രീ വിവേചനമില്ല, പ്രായവിവേചനം മാത്രമാണ്. അത് പാരമ്പര്യമായി വന്നതാണ്. ഇരുന്നൂറിലധികം കൊല്ലമായി അങ്ങനെയാണ് എന്നാണ് തെളിവുകള്‍. ആചാരങ്ങള്‍ ഇതുപോലെ എല്ലാ കാലത്തും തുടരണം എന്ന അഭിപ്രായം ആര്‍.എസ്.എസ്സിനില്ല. കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. എന്തെങ്കിലും കാരണം കണ്ടിട്ടായിരിക്കും ചില കീഴ്വഴക്കങ്ങള്‍ ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയത്. ആ കാരണം ഇല്ലാതാവുന്നതോടെ അക്കാര്യവും ഇല്ലാതാവും.

കാലങ്ങളായി നടന്നുവന്ന വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഒരു ദിവസം മാറ്റണം എന്നു പറയുമ്പോള്‍ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകും. ഉദാഹരണത്തിന് ഇന്ത്യന്‍ ഭരണഘടനയില്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് വോട്ടവകാശം. അത് വിവേചനം അല്ലേ എന്നു ചോദിച്ചാലോ. അതുപോലെ വിവാഹത്തിന് ആണിന് 21 വയസ്സും പെണ്ണിന് 18 വയസ്സും. മറ്റുള്ളവര്‍ക്ക് വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്നു ചോദിച്ചാലോ. അപ്പോള്‍ അതിനൊക്കെ ഓരോരോ കാരണങ്ങളുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഹിന്ദുവിഭാഗത്തില്‍ കല്യാണം കഴിച്ചാല്‍ ആണിന്റെ വീട്ടിലേക്കാണ് പെണ്ണിനെ കൂട്ടിക്കൊണ്ടുപോകുക. കുറേക്കാലമായിട്ടുള്ള രീതിയാണ്. ശരിക്കും ലിംഗവിവേചനമല്ലേ. പെണ്ണിന്റെ വീട്ടില്‍ ചെക്കന്‍ പോയാലെന്താണ് കുഴപ്പം. എന്റെ ഭര്‍ത്താവ് എന്റെ വീട്ടിലേക്ക് വരണം എന്നാവശ്യപ്പെട്ട് ഒരു സ്ത്രീ കോടതിയില്‍ പോയാല്‍ ചിലപ്പോള്‍ അത് അനുവദിക്കുമായിരിക്കും. സംഭവം ന്യായമാണ്. എന്നാല്‍, അതു നടപ്പാക്കാന്‍ കുറച്ച് പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അതു സമൂഹത്തിനെ ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം എടുക്കും. ഇവിടെ ശബരിമലയില്‍ സര്‍ക്കാര്‍ എടുത്തുചാടി നടപ്പാക്കാന്‍ പുറപ്പെട്ടു എന്നിടത്താണ് പ്രശ്‌നം വരുന്നത്. സുപ്രീംകോടതി കാലപരിധിയൊന്നും പറഞ്ഞിട്ടില്ല. വിലക്ക് നീക്കിയെന്നേയുള്ളൂ. വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. 

വല്‍സന്‍ തില്ലങ്കേരിയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com