ശബരിമല അക്രമങ്ങള്‍ സുപ്രിംകോടതി വിധിക്ക് എതിരെ ; അറസ്റ്റ് ചെയ്തത് പ്രശ്‌നമുണ്ടാക്കിയ ക്രിമിനലുകളെയെന്ന് സര്‍ക്കാര്‍ 

പൊലീസ് ശബരിമലയില്‍  പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നും തന്നെ പൊലീസ് ശബരിമലയില്‍ ചെയ്തിട്ടില്ല
ശബരിമല അക്രമങ്ങള്‍ സുപ്രിംകോടതി വിധിക്ക് എതിരെ ; അറസ്റ്റ് ചെയ്തത് പ്രശ്‌നമുണ്ടാക്കിയ ക്രിമിനലുകളെയെന്ന് സര്‍ക്കാര്‍ 


കൊച്ചി : ശബരിമലയിലെ അക്രമസംഭവങ്ങള്‍ സുപ്രിംകോടതി വിധിക്ക് എതിരെയുള്ളതെന്ന് സര്‍ക്കാര്‍.  ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് എതിരെയല്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. 

പൊലീസ് ശബരിമലയില്‍  പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നും തന്നെ പൊലീസ് ശബരിമലയില്‍ ചെയ്തിട്ടില്ല. യഥാര്‍ത്ഥ ഭക്തരെ പൊലീസ് ആക്രമിച്ചെന്ന ഒരു പരാതിയും ഇതുവരെ ഇല്ല. നടപ്പന്തല്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയും ഉണ്ട്. ഭക്തര്‍ നടപ്പന്തലില്‍ കിടക്കാതിരിക്കുന്നതിനാണ് വെള്ളമൊഴിച്ചതെന്ന ആരോപണം തെറ്റാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 

ഇതിന് തെളിവായി മുമ്പും വെള്ളമൊഴിച്ചു കഴുകുന്നതിന്റെ വീഡിയോ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. നടപ്പന്തലില്‍ വിരിവെക്കാന്‍ അനുമതി കൊടുക്കാത്തത് പ്രത്യേക സാഹചര്യം മൂലമാണ്. നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാന്‍ അനുവദിക്കാനാകില്ല. ഇവിടെ പ്രശ്‌നം ഉണ്ടായാല്‍ എല്ലാ വഴികളും അടയും. 

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയ ക്രിമിനലുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ടവിശേഷത്തിന് പ്രശ്‌നമുണ്ടാക്കിയ ആളുകള്‍ വീണ്ടും എത്തി. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച തെളിവായി വീഡിയോ ദൃശ്യങ്ങളും മാധ്യമറിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം ശബരിമലയിലെ പൊലീസ് നടപടിയില്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനെതുടര്‍ന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com