മന്ത്രിയെ മാറ്റുന്നതിനുള്ള ജെഡിഎസിന്റെ കത്ത് കിട്ടി ; സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി; പാര്‍ട്ടിയില്‍ ഭൂരിപക്ഷം തനിക്കെന്ന് കൃഷ്ണന്‍കുട്ടി

മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദേവഗൗഡയുടെ കത്ത് ലഭിച്ചു
മന്ത്രിയെ മാറ്റുന്നതിനുള്ള ജെഡിഎസിന്റെ കത്ത് കിട്ടി ; സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി; പാര്‍ട്ടിയില്‍ ഭൂരിപക്ഷം തനിക്കെന്ന് കൃഷ്ണന്‍കുട്ടി

കോഴിക്കോട് :  മന്ത്രിയെ മാറ്റുന്നതിന് ജനതാദള്‍ എസ് ദേശീയ നേതൃത്വത്തിന്റെ കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ കത്ത് ലഭിച്ചു. മന്ത്രിയുടെ മാറ്റത്തിന് മറ്റ് തടസ്സങ്ങളൊന്നുമില്ല. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ തീരുമാനം പിന്നീടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജെഡിഎസ് സംസ്ഥാന അധ്യക്ഷനും നിയുക്ത മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ കത്ത് കൃഷ്ണന്‍കുട്ടി കൈമാറി. അതേസമയം മന്ത്രിസ്ഥാനം ഒഴിയുന്നതില്‍ മാത്യു ടി തോമസ് വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇന്ന് രാജിക്കത്ത് നല്‍കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ച മാത്രമേ മാത്യു ടി തോമസ് രാജിക്കത്ത് നല്‍കൂ എന്നാണ് സൂചന. 

പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നപ്പോള്‍ ആദ്യം മുതല്‍ക്ക് അഭിപ്രായമുണ്ടായിരുന്നതെന്ന് സി കെ നാണു പറഞ്ഞു.  എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് ദേവഗൗഡ, മാത്യു ടി തോമസ് മന്ത്രിയാകണമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ എതിര്‍പ്പ് പറഞ്ഞില്ല. പാര്‍ട്ടി ദേശീയ പ്രസിഡന്റാണ് മന്ത്രിയെ തീരുമാനിക്കുന്നത്. 

ഇപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് മന്ത്രിമാറ്റം ഉണ്ടാകുന്നത്. മൂന്ന് എംഎല്‍എമാരുള്ള ജെഡിഎസില്‍ രണ്ട് പേര്‍ കൃഷ്ണന്‍കുട്ടി മന്ത്രിയാകണമെന്ന ആഗ്രഹം പുലര്‍ത്തുന്നു. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് മാത്യു ടി തോമസ് പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല. ചായക്ക് മധുരം കുറഞ്ഞപ്പോഴുള്ള പ്രതികരണത്തെപ്പോലെ കണ്ടാല്‍ മതിയെന്നും സികെ നാണു എംഎല്‍എ പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞു. മാത്യു ടി തോമസിന്റെ എതിര്‍പ്പ് ഗൗരവമായി എടുക്കുന്നില്ലെന്നും, അദ്ദേഹം പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com