യതീഷ് ചന്ദ്രയെ ബിജെപിക്ക് മുന്നില്‍ മാപ്പ് പറയിപ്പിക്കും; എന്തുചെയ്യാന്‍ പറ്റുമെന്ന് കാണിച്ചുതരാമെന്ന് ശ്രീധരന്‍പിള്ള

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പിണറായി വിജയന് വിനാശകാലേ വിപരീത ബുദ്ധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള
യതീഷ് ചന്ദ്രയെ ബിജെപിക്ക് മുന്നില്‍ മാപ്പ് പറയിപ്പിക്കും; എന്തുചെയ്യാന്‍ പറ്റുമെന്ന് കാണിച്ചുതരാമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പിണറായി വിജയന് വിനാശകാലേ വിപരീത ബുദ്ധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. പുറത്തുള്ള സുരേന്ദ്രനെക്കാള്‍ ശരക്തനാണ് അകത്തുള്ള സുരേന്ദ്രന്‍. അറസ്റ്റും കള്ളക്കേസും വഴി ആര്‍എസ്എസുകാരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൃശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്ക് എതിരെ എന്തുചെയ്യാന്‍ പറ്റുമെന്ന് കാണിച്ചുതരാം. മറ്റന്നാള്‍ അദ്ദേഹത്തെ മാത്രം പ്രതിയാക്കി കേസ് കൊടുക്കും. ബിജെപിയുടെ മുന്നില്‍ മാപ്പ് പറയുന്ന സാഹചര്യമുണ്ടാക്കും. പൊലീസ് ഓഫീസര്‍മാരെ രക്ഷിക്കാന്‍ പിണറായി വിജയന് കരുത്തുണ്ടാകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഒരു പ്രമുഖ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് ബിജെപിയില്‍ ചേരാനായി തന്നെ കോട്ടയത്ത് വന്ന് കണ്ടുവെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. 

ഞായറാഴ്ച അറസ്റ്റിലായ സുരേന്ദ്രന് ചൊവ്വാഴ്ച ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നപ്പോളാണ് പുതിയ കേസുകളുമായി പൊലീസ് എത്തിയത്. അദ്ദേഹവുമായി ഒരുനിലയ്ക്കും ബന്ധമില്ലാത്ത കേസുകള്‍ സുരേന്ദ്രന്റെ മേല്‍കെട്ടിവച്ചു.ശോഭാസുരേന്ദ്രന്റെ ഭര്‍ത്താവാണ് കൈ സുരേന്ദ്രന്‍ എന്ന് പറഞ്ഞ മരമണ്ടന്‍മാരാണ് പൊലീസുകാര്‍. മരമണ്ടന്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നുവെങ്കില്‍ എകെജി സെന്ററിലെ ആസ്ഥാന പണ്ഡിതന്‍മാര്‍ക്ക് നല്‍കണമെന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു. 

പൊലീസിന് ഒരിടത്തൊരു പിഴവ് പറ്റിയാല്‍ മനസ്സിലാക്കും. എല്ലാ സ്റ്റേഷനിലും പിഴവുകളാണെങ്കില്‍ കേരളത്തിലെ അവസ്ഥ എങ്ങനെയാണെന്ന് ചിന്തിക്കണം. ഒന്നിനും കൊള്ളാത്ത ഒരു നേതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ണൂരില്‍ സിപിഎം നടത്തിയ അക്രമങ്ങള്‍ നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തപ്പോള്‍ നടന്ന അക്രമ സംഭവങ്ങളുടെ പത്രവാര്‍ത്തകള്‍ കാട്ടിയായിരുന്നു ശ്രീധരന്‍പിള്ള ഇതു പറഞ്ഞത്. 

ശബരിമലയില്‍ പോയാല്‍ സ്ത്രീകളെ തടയുമെന്ന് വീമ്പിളക്കിയ കെപിസിസി ഒന്നും ചെയ്തില്ല. ശബരിമല വിഷയത്തിലൂടെ ബിജെപി കൈവരിക്കാന്‍ പോകുന്ന മുന്നേറ്റത്തല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും നഷ്ടമുണ്ടാകാന്‍ പോകുന്നു. ഞങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പോകുന്നു. ഓരോ നേതാക്കളെയും അറസറ്റ് ചെയ്യുമ്പോള്‍ മനുഷ്യമനസ്സുകളിലുണ്ടാകുന്ന വികാരം ഒപ്പിയെടുക്കാനാണ് ഞങ്ങളുടെ ശ്രമം-ശ്രീധരന്‍പിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com