അഭിമന്യു സ്വപ്‌നം കണ്ട വീട് ഒരുങ്ങി, താക്കോല്‍ നല്‍കാന്‍ മുഖ്യമന്ത്രി എത്തും

അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടി സിപിഎം നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തി
അഭിമന്യു സ്വപ്‌നം കണ്ട വീട് ഒരുങ്ങി, താക്കോല്‍ നല്‍കാന്‍ മുഖ്യമന്ത്രി എത്തും

തൊടുപുഴ: പെങ്ങളുടെ വിവാഹം ഭംഗിയായി നടത്തിയതിന് പിന്നാലെ അഭിമന്യുവിന്റെ മറ്റൊരു ആഗ്രഹം കൂടി യാഥാര്‍ഥ്യമാകുന്നു. അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടി സിപിഎം നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തി. 

കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിലായിരുന്നു അഭിമന്യുവിന്റേയും കുടുംബത്തിന്റേയും താമസം. ജൂലൈ രണ്ടിന് അഭിമന്യുവിനെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നതിന് പിന്നാലെ, ചിരിക്ക് പിന്നില്‍ അഭിമന്യു ഒളിപ്പിച്ചിരുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ മലയാളികളെ വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. 

അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുത്ത സിപിഎം പെങ്ങളുടെ വിവാഹം നടത്തിക്കൊടുത്തതിന് ഒപ്പമാണ് വീടും വെച്ചുനല്‍കുന്നത്. 35 ലക്ഷം രൂപയുടെ വീടാണ് കൊട്ടക്കമ്പൂരിന് സമീപം ഒരുങ്ങുന്നത്. 1256 ചതുരശ്രയടിയുള്ള വീടിന്റെ നിര്‍മാണം മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാവുന്നത്. 

10 സെന്റ് സ്ഥലത്ത് മൂന്ന് കിടപ്പു മുറി, ഹാള്‍, അടുക്കള, പൂജാമുറി എന്നിവ ഉള്‍പ്പെടുന്ന വീടാണ് അഭിമന്യുവിന്റെ കുടുംബത്തിനായി ഒരുങ്ങുന്നത്. പെയിന്റ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഡിസംബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയെ കൊണ്ടുവന്ന് താക്കോല്‍ദാനം നടത്താനാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ശ്രമിക്കുന്നത്. ഡിസംബര്‍ അവസാനമോ, ജനുവരി ആദ്യ വാരത്തോടെയോ വീട് അഭിമന്യുവിന്റെ കുടുംബത്തിനായി നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com