പൊലീസുകാര്‍ കൂട്ടത്തോടെ ശബരിമലയിലേക്ക്; സ്റ്റേഷനുകളില്‍ പൊലീസില്ല; പ്രവര്‍ത്തനം താളംതെറ്റി

വിവിധ ജില്ലകളിലെ കേസന്വേഷണവും ക്രമസമാധാന ചുമതലകളും താറുമാറായിരിക്കുകയാണ്
പൊലീസുകാര്‍ കൂട്ടത്തോടെ ശബരിമലയിലേക്ക്; സ്റ്റേഷനുകളില്‍ പൊലീസില്ല; പ്രവര്‍ത്തനം താളംതെറ്റി

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സുരക്ഷ ശക്തമാക്കിയത് പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കൂട്ടത്തോടെ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് വെല്ലുവിളിയായത്. ഇതോടെ വിവിധ ജില്ലകളിലെ കേസന്വേഷണവും ക്രമസമാധാന ചുമതലകളും താറുമാറായിരിക്കുകയാണ്. ചില സ്റ്റേഷനില്‍ നിന്നും പത്ത് പേരെ വരെ ശബരിമലയിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസുകാരെ കാണാന്‍ മല കയറേണ്ട അവസ്ഥയാണുള്ളത്. 

തൃശൂര്‍ ജില്ലയില്‍നിന്ന് അഞ്ഞൂറിലേറെ പേരെയും ഇടുക്കിയില്‍നിന്ന് 459 പേരെയും സ്‌പെഷല്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. നിരന്തര സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ചു മുന്‍ വര്‍ഷങ്ങളില്‍ കുറച്ചു പൊലീസുകാരെ മാത്രം അയച്ചിരുന്ന കണ്ണൂരില്‍ പോലും ഇത്തവണ സ്ഥിതി വ്യത്യസ്തം. കഴിഞ്ഞ വര്‍ഷം 22 പൊലീസുകാരെയാണു നിയോഗിച്ചിരുന്നതെങ്കില്‍, ഇപ്രാവശ്യം 50 വനിതകളടക്കം 175 പൊലീസുകാരെയും മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ 900 ട്രെയിനികളെയും നിയോഗിച്ചിട്ടുണ്ട്. 

നേരത്തെ 10 ദിവസമായിരുന്നു ശബരിമല ഡ്യൂട്ടിയെങ്കില്‍ ഇത്തവണ 16- 20 ദിവസമാണു ഡ്യൂട്ടി. ആദ്യ ബാച്ച് തിരിച്ചെത്തുന്നതിനു മുന്‍പു തന്നെ അടുത്ത ബാച്ച് പോകണം. ഇതുമൂലം രണ്ടു ബാച്ചുകള്‍ മാറുന്നതിനിടയിലെ 5 ദിവസത്തോളം ഗുരുതര ആള്‍ക്ഷാമമാണ്. ചില ഇന്‍സ്‌പെക്ടര്‍മാരുടെ വാഹനങ്ങള്‍ ശബരിമലയിലേക്ക് ഉപയോഗിക്കുന്നതിനാല്‍, സ്‌റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ അതതു സ്‌റ്റേഷന്റെ വാഹനം ഉപയോഗിക്കുന്നതു വാഹനക്ഷാമത്തിനിടയാക്കുന്നു.  

ശബരിമല ഡ്യൂട്ടി കിട്ടാത്ത പൊലീസുകാരുടെ അവസ്ഥയും പരിതാപകരമാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ പോലും ആള്‍ക്ഷമത്തിന്റേ പേരില്‍ ഇവര്‍ക്ക് ലീവി പോലും കിട്ടുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com