'മാധ്യമങ്ങള്‍ കടക്ക് പുറത്ത്' ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം എടുക്കുന്നതിന് കര്‍ശന നിയന്ത്രണം ; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി

 മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി 
'മാധ്യമങ്ങള്‍ കടക്ക് പുറത്ത്' ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം എടുക്കുന്നതിന് കര്‍ശന നിയന്ത്രണം ; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനകത്തും പുറത്തെ വേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുപരിപാടികളില്‍ എത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം മാധ്യമങ്ങള്‍ നിര്‍ബന്ധപൂര്‍വമെടുക്കുന്നതിനും വിലക്കുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം എടുക്കുന്നത് സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 

വിശിഷ്ടവ്യക്തികള്‍ മാധ്യമങ്ങളുമായി സംവദിക്കണോയെന്ന് മുന്‍കൂട്ടി നിശ്ചയിച്ചാല്‍ മാത്രമേ ഇനി അതിന് അവസരമുണ്ടാകൂ. ഇവിടങ്ങളില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പൊരുക്കുന്ന സ്ഥലങ്ങളില്‍ മാത്രമാകും മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക. പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കല്‍, മാധ്യമപ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളും മന്ത്രിമാരും പബ്ലിക് റിലേഷന്‍സ് വകുപ്പു മുഖേന മാത്രമേ മാധ്യമങ്ങളോട് സംവദിക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജില്ലാ തലങ്ങളില്‍ വിവിധ വകുപ്പുകള്‍ പത്രമോഫീസുകളില്‍ നേരിട്ട് വാര്‍ത്ത നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ/മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നിവയ്ക്ക് നിലവിലെ രീതി തുടരും. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമാത്രമാകും ഇവിടെ പ്രവേശനം. വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ സ്ഥിരം മാധ്യമകേന്ദ്രങ്ങള്‍ തുടങ്ങണം. അറിയിപ്പുകള്‍ സമയബന്ധിതമായി നല്‍കാന്‍ ആപ്പ് തയ്യാറാക്കാനും പി.ആര്‍.ഡി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മറ്റു നിയന്ത്രണങ്ങള്‍ ഇവയാണ്. പിആര്‍ഡിയിലെ വിവിധ വകുപ്പുകളിലേക്ക് പ്രവേശിക്കുന്നതിന് അക്രഡിറ്റേഷനോ പ്രവേശനപാസോ നിര്‍ബന്ധമാക്കി. മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റിലെ സന്ദര്‍ശന സമയത്ത് മാത്രമേ പ്രവേശിക്കാന്‍ പാടൂള്ളൂ. ദര്‍ബാര്‍ ഹാള്‍, സൗത്ത് കോണ്‍ഫറന്‍സ് ഹാള്‍ അനക്‌സ് എന്നിവിടങ്ങളിലെ പ്രവേശനം പിആര്‍ഡി പ്രസ് റിലീസ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാക്കി. ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ്, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മാധ്യമ ഏകോപനം പിആര്‍ഡി പ്രസ് റിലീസ് വിഭാഗം മുഖേന മാത്രമായിരിക്കും.

പൊതുവേദികള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപന കവാടം, എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രശസ്ത വ്യക്തികള്‍ തുടങ്ങിയവര്‍ മാധ്യമങ്ങളുമായി സംവദിക്കുന്നുണ്ടോ എന്നത് പിആര്‍ഡി.യെ മുന്‍കൂട്ടി അറിയിക്കണം. വേണമെങ്കില്‍ പിആര്‍ഡി വകുപ്പ് അതിന് പ്രത്യേക സംവിധാനമൊരുക്കണം. ജില്ലാതലത്തില്‍ വകുപ്പുതല പരിപാടികളുടെ വാര്‍ത്ത നല്‍കല്‍, മാധ്യമങ്ങളെ ക്ഷണിക്കല്‍ എന്നിവ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി മാത്രമാക്കി. വകുപ്പില്‍നിന്നുള്ള പത്രക്കുറിപ്പുകള്‍ ജില്ലാമേധാവി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. ഇക്കാര്യം ഉറപ്പുവരുത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com