കാത്തിരുന്നത് ചതിയായിരുന്നു, കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ആ തന്ത്രികള്‍ പൊട്ടി

സംഗീതം ചതിക്കില്ലെന്ന വിശ്വാസത്തില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുപത്തിരണ്ടാമത്തെ വയസില്‍ തന്നെ ബാലഭാസ്‌കര്‍ ലക്ഷ്മിയെ ഒപ്പം കൂട്ടി
കാത്തിരുന്നത് ചതിയായിരുന്നു, കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ആ തന്ത്രികള്‍ പൊട്ടി

വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പക്ഷേ കൂടെയുള്ള സംഗീതത്തിലും വയലിനിലുമായിരുന്നു ബാലഭാസ്‌കര്‍ വിശ്വസിച്ചത്. സംഗീതം ചതിക്കില്ലെന്ന വിശ്വാസത്തില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുപത്തിരണ്ടാമത്തെ വയസില്‍ തന്നെ ബാലഭാസ്‌കര്‍ ലക്ഷ്മിയെ ഒപ്പം കൂട്ടി. പക്ഷേ കാത്തിരുന്നത് കാലം ഒരുക്കി വെച്ച ചതിയായിരുന്നു. ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ആ തന്ത്രികള്‍ പൊട്ടി...

കാത്തിരുന്ന്‌ കിട്ടിയ പൊന്നോമനയും നെഞ്ചിടിപ്പിന്റെ താളമായിരുന്നവനും ഇനിയില്ലെന്ന സത്യം ലക്ഷ്മി എങ്ങിനെ ഉള്‍ക്കൊള്ളുമെന്ന ചോദ്യമാണ് മലയാളികളെ അസ്വസ്ഥരാക്കുന്നത്. അയാള്‍ സൃഷ്ടിച്ച സംഗീതവും കേട്ട് കേട്ട് അതിജീവിക്കുകയാണ് ബാലഭാസ്‌കറിന്റെ മരണ വാര്‍ത്ത എത്തിയ ആ രാത്രിയെ മലയാളികളില്‍ ഒരു കൂട്ടം...

ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ഒടുവില്‍ എംഎയ്ക്ക് പഠിക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹം. കണ്‍ഫ്യൂഷനോടെയായിരുന്നു ബാലഭാസ്‌കറിന്റെ തുടക്കം. ഒരുപക്ഷേ കേരളത്തിലെ കലാലയത്തില്‍ വിരിഞ്ഞ ആദ്യത്തെ മ്യൂസിക് ബാന്‍ഡ് ആയിരുന്നിരിക്കണം അത്. ''നിനക്കായ്, നീ അറിയാന്‍'' എന്നിങ്ങനെ കലാലയങ്ങള്‍ ഏറ്റെടുത്ത ഗാനങ്ങള്‍..

“ ഇനിയെന്ന് നീയെൻ അരികിൽ വരും 
ഇടനെഞ്ചിലേതോ ശ്രുതി മീട്ടുവാൻ 
പതിയെ എൻ ചാരെ വെൺപ്രാവുപോൽ 
അരിമുല്ലപോൽ നീ ചിരിതൂകി വാ''

ലക്ഷ്മിക്ക് വേണ്ടി ഈണമിട്ട ''ആരു നീ എന്നോമലേ''എന്ന പാട്ട് കലാലയങ്ങള്‍ ഏറ്റെടുത്തു. പൂജപ്പരയിലെ വാടകവീട്ടില്‍ നിന്നായിരുന്നു ഈ ഈണങ്ങളെല്ലാം പിറവിയെടുത്തത്. കണ്‍ഫ്യൂഷന്‍ ബാന്‍ഡ് പിരിഞ്ഞതിന് പിന്നാലെ ദി ബിഗ് ബാന്റുമായി ബാല വീണ്ടുമെത്തി. ടെലിവിഷന്‍ ചാനലുകളിലും ഫ്യൂഷന്‍ ഷോയുമായി ബാലയുടെ മുഖം പ്രത്യക്ഷപ്പെട്ടു തുടങ്ങി പതിയെ.  

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹൈദരാലി എന്നിവര്‍ക്കൊപ്പം ഫ്യൂഷനുമായി ബാല ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബാന്‍ഡുകള്‍ കേരളത്തില്‍ കൂണുകള്‍ പോലെ മുളച്ചുവന്നു. ബാന്റില്ലാത ബാലലീല എന്ന പേരില്‍ സ്വന്തം സംഗീത പരിപാടിയുമായിട്ട് ലോകം ചുറ്റിയ ബാല, ശാസ്ത്രീയ സംഗീത കച്ചേരികളിലേക്കെത്തി ചമ്രംപടിഞ്ഞിരിക്കാനും മടിച്ചില്ല.

അമ്മാവന്‍ ബി.ശശികുമാറാണ് ബാലയെ വയലിനിലേക്ക് അടുപ്പിക്കുന്നത്. എങ്ങിനെ ഇങ്ങനെ വയലിന്‍ വഴങ്ങുന്നു എന്ന ചോദ്യത്തിന്, എനിക്ക് വയലിനെ പേടിയില്ലെന്ന മറുപടിയാണ് ബാലയില്‍ നിന്നും ലഭിച്ചിരുന്നത്. സപ്തസ്വരങ്ങള്‍ വഴങ്ങിയ കാലം മുതല്‍ വയലിന്‍ ബാലയുടെ ഒപ്പമുണ്ട്. ആ സംഗീത വില്ല് തന്ത്രികളില്‍ തൊട്ടപ്പോഴെല്ലാമുണ്ടായ ഈണങ്ങളിലേക്ക് കാത് കൂര്‍പ്പിച്ച് തൃപ്തിയടയണം സംഗീത പ്രേമികള്‍ക്കിനി. മിഠായി നാവിലിട്ട് നുണയുകയെന്നോണം പുഞ്ചിരിയുമായി വിസ്മയം തീര്‍ക്കാന്‍ ഇനി ബാലയില്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com