സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു, ബാലഭാസ്‌കറെ അനുസ്മരിച്ച് പ്രമുഖര്‍

വയലിനിസ്റ്റും സംഗീത സംവിധായനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു, ബാലഭാസ്‌കറെ അനുസ്മരിച്ച് പ്രമുഖര്‍

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെ.ജെ. യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. 

സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പിണറായി വിജയന്‍ പറഞ്ഞു. ബാലഭാസ്‌കറിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വയലിന്‍ എന്ന സംഗീത ഉപകരണത്തെ ജനങ്ങളുമായി അടുപ്പിച്ചത് ബാലഭാസ്‌കറാണെന്ന് ചെന്നിത്തല പറഞ്ഞു. 

പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അനുസ്മരിച്ചു. 

വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 40 വയസായിരുന്നു. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകടത്തില്‍ മരിച്ചിരുന്നു. ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. 

സെപ്തംബര്‍ 25 ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്‌കവരും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com