കേരളത്തിന് കൈ കൊടുക്കാതെ കോളേജ് അധ്യാപകര്‍; സാലറി ചലഞ്ചിനോട് 80 ശതമാനം പേരും നോ പറഞ്ഞു

സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സാലറി ചലഞ്ച് ഏറ്റെടുത്തു. അറുപത് ശതമാനം പേരാണ് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറായത്
കേരളത്തിന് കൈ കൊടുക്കാതെ കോളേജ് അധ്യാപകര്‍; സാലറി ചലഞ്ചിനോട് 80 ശതമാനം പേരും നോ പറഞ്ഞു

തിരുവനന്തപുരം; പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാനായാണ് കേരള സര്‍ക്കാര്‍ സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ടു വെച്ചത്. സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സാലറി ചലഞ്ച് ഏറ്റെടുത്തു. അറുപത് ശതമാനം പേരാണ് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറായത്. എന്നാല്‍ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും സാലറി ചലഞ്ചിനോട് നോ പറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഏയ്ഡഡ് കോളേജുകളില്‍ 80 ശതമാനം പേരും വിസമ്മതപത്രം നല്‍കിയെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്. 

സാലറി ചാലഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ജിഒ സംഘ് നല്‍കിയ അപ്പീലിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയത്. തിങ്കളാഴ്ച വൈകിട്ട് വരെയുള്ള ശമ്പളബില്ലിന്റെ കണക്കെടുത്താണ് സത്യവാങ്മൂലം തയാറാക്കിയത്. ഇതനുസരിച്ച് 60 ശതമാനത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. കോളേജ് അധ്യാപകരില്‍ നിന്നാണ് ഏറ്റവും കുറവ് പങ്കാളിത്തമുണ്ടായത്. 

ആരില്‍ നിന്നും ശമ്പളം പിടിച്ചു വാങ്ങിയിട്ടില്ലെന്നും താല്‍പ്പര്യമുള്ളവര്‍ തന്നാല്‍ മതിയെന്നുമാണ് പറഞ്ഞതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. വിസമ്മതപത്രം വാങ്ങാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ ന്യായീകരിച്ചു. സുപ്രീംകോടതിയിലെ ജീവനക്കാര്‍ ഒരുദിവസത്തെ ശമ്പളം കേരളത്തിനു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിസമ്മതം അറിയിച്ചില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കുമെന്നാണു സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. റെയില്‍വേയും സമാന രീതിയിലാണു ശമ്പളം ഈടാക്കിയതെന്നു സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com