ന്യൂനമര്‍ദവും ചുഴലിക്കാറ്റും വരുന്നത് അറിയാതെ ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികള്‍; വിവരമറിയിക്കാന്‍ വഴിയില്ല

200 നോട്ടിക്കല്‍ മൈല്‍ പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയവരേയും വിവരം അറിയിക്കാന്‍ സാധിച്ചിട്ടില്ല. 200 നോട്ടിക്കല്‍ മൈലിന് അടുത്തേക്ക് വയര്‍ലെസ് ദൂരപരിധി ഇല്ലാത്തതാണ് ഇവിടെ വിനയായത്
ന്യൂനമര്‍ദവും ചുഴലിക്കാറ്റും വരുന്നത് അറിയാതെ ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികള്‍; വിവരമറിയിക്കാന്‍ വഴിയില്ല

തിരുവനന്തപുരം: ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ വിവരമറിയിക്കാനാവാതെ സര്‍ക്കാര്‍. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ വ്യാഴാഴ്ച തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്നും മടങ്ങി എത്തേണ്ടതുണ്ടായിരുന്നു. 

എന്നാല്‍ കടല്‍ പ്രക്ഷുബ്ദമാകും എന്ന മുന്നറിയിപ്പ് കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയോടെ മത്സ്യബന്ധനത്തിന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളില്‍ 20 ശതമാനം പേര്‍ ഇതുവരെ മടങ്ങി എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ക്ക് ഇത് സംബന്ധിച്ച വിവരം നല്‍കാനായി. ഇവരോട് ലക്ഷദ്വീപിലേക്ക് അടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി വ്യക്തമാക്കി. 

ചൂണ്ട വള്ളങ്ങളില്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചിട്ടില്ല എന്നതിന് പുറമെ, 200 നോട്ടിക്കല്‍ മൈല്‍ പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയവരേയും വിവരം അറിയിക്കാന്‍ സാധിച്ചിട്ടില്ല. 200 നോട്ടിക്കല്‍ മൈലിന് അടുത്തേക്ക് വയര്‍ലെസ് ദൂരപരിധി ഇല്ലാത്തതാണ് ഇവിടെ വിനയായത്. 

200 നോട്ടിക്കല്‍ മൈല്‍ അപ്പുറത്തേക്ക് മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കണം എന്ന നിര്‍ദേശം ഇതുവരെ നടപ്പിലായിട്ടില്ല. ട്യൂണ മത്സ്യം പിടിക്കാന്‍ ഒമാന്‍ തീരം വരെ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഉണ്ട്. ഇവരെ ന്യൂനമര്‍ദ്ദം സംബന്ധിച്ച വിവരം അറിയിക്കാനായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com