ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല; കോണ്‍ഗ്രസും സമര മുഖത്ത്

കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടുത്താത്തതുകൊണ്ടാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി പറഞ്ഞതെന്ന് ചെന്നിത്തല
ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല; കോണ്‍ഗ്രസും സമര മുഖത്ത്

പത്തനംതിട്ട: ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പ്രായഭേദ്യമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടുത്താത്തതുകൊണ്ടാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി പറഞ്ഞതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരാണ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്. വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. വിശ്വാസികളുടെ വികാരം പ്രതിഫലിപ്പിക്കാന്‍ സര്‍ക്കാരിനായില്ല.

ശബരിമലയിലെ ആചാരങ്ങളുടെ പ്രത്യേകത ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുഡിഎഫ് എന്നും ഒരു നിലപാടു മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ലിംഗസമത്വത്തിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്.

എന്നാല്‍ ശബരിമലയിലെ സാഹചര്യം വ്യത്യസ്തമാണ്. അവിടെ സ്ത്രീകളുടെ പ്രവേശനം നിഷേധിച്ചിട്ടില്ല. ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നേയുള്ളൂ. 10 വയസു മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്കാണ് നിയന്ത്രണം. മറ്റ് അയ്യപ്പക്ഷേത്രങ്ങളിലൊന്നും നിയന്ത്രണമില്ല. നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ അയ്യപ്പന്‍. ഇതു പലര്‍ക്കും അറിയില്ല.  

ക്ഷേത്രപ്രവേശനത്തിനു വേണ്ടി സമരം ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അയിത്തോച്ചാടനത്തിനു വേണ്ടി കോണ്‍ഗ്രസ് പ്രക്ഷോഭം നയിച്ചിട്ടുണ്ട്. സിപിഎമ്മോ ആര്‍എസ്എസോ ഇതൊന്നും കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ രണ്ടു നിലപാടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. 

ബിജെപിക്ക് ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പാണുള്ളത്. ആര്‍എസ്എസിന്റെ നിലപാടിന് ഒപ്പമാണോ ബിജെപി എന്ന് അവര്‍ വ്യക്തമാക്കണം. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള ചവിട്ടുപടിയായാണ് ആര്‍എസ്എസ് ശബരിമല വിധിയെ കാണുന്നത്. ബിജെപിക്കും ആര്‍എസ്എസിനും ആത്മാര്‍ഥതയുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയാണ് വേണ്ടതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ഇതാണ് ചെയ്തതെന്ന് ചെന്നിത്തല പരഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com