ചേകനൂര്‍ മൗലവി വധക്കേസ്: ഒന്നാംപ്രതി വിവി ഹംസയെ ഹൈക്കോടതി വെറുതെവിട്ടു

സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ചേകനൂര്‍ വധക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ഏക പ്രതിയാണ് ഹംസ
ചേകനൂര്‍ മൗലവി വധക്കേസ്: ഒന്നാംപ്രതി വിവി ഹംസയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: ചേകനൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതി വിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സിബിഐ കോടതി ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ച ഹംസയെ ഹൈക്കോടതി വെറുതെ വിട്ടത്.

സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ചേകനൂര്‍ വധക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ഏക പ്രതിയാണ് ഹംസ. കേസിലെ മറ്റ് എട്ടു പ്രതികളെയും തെളിവില്ലെന്ന ചൂണ്ടിക്കാട്ടി സിബിഐ കോടതി വെറുതെ വിട്ടിരുന്നു. 

ചേകനൂര്‍ മൗലവി എന്ന ചേകനൂര്‍ പികെഅബുല്‍ ഹസ്സന്‍ മൗലവിയെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യം മൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായ ചേകനൂര്‍ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്. 

1993 ജൂലൈ 29ന് ആണ് എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍നിന്ന് ചേകനൂര്‍ മൗലവിയെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവന്‍ സാലിം ഹാജിയും പൊന്നാനി പൊലീസില്‍ പരാതി നല്‍കി. ഓഗസ്റ്റ് 16ന് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബര്‍ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. 2010 സെപ്റ്റംബര്‍ 29ന് ആലങ്ങോട് കക്കിടിപ്പുറം വിവിഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു.

മതപഠന ക്ലാസിനെന്നു പറ!ഞ്ഞ് മൗലവിയെ രണ്ടുപേര്‍ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേര്‍ കൂടി വാഹനത്തില്‍ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കല്‍ ചുവന്നകുന്നിനോടു ചേര്‍ന്നുള്ള ആന്തിയൂര്‍കുന്നില്‍ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് സിബിഐ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com