പുതിയ കാര്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക; ഉപയോഗിച്ച കാര്‍ പുത്തനെന്ന വ്യാജേന വില്‍ക്കാന്‍ ശ്രമം, സ്പീഡോ മീറ്റര്‍ അഴിച്ചുവച്ച് ഓടിക്കുന്നു, സീറോ കിലോമീറ്ററിലാക്കി വില്‍പ്പന 

ഉപയോഗിച്ച കാര്‍ പുത്തനെന്ന വ്യാജേന വില്‍പ്പന നടത്തുന്ന ഡീലര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഉപയോഗിച്ച കാര്‍ പുത്തനെന്ന വ്യാജേന വില്‍പ്പന നടത്തുന്ന ഡീലര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. രജിസ്റ്റര്‍ ചെയ്യാത്ത വാഹനത്തിന്റെ സ്പീഡോ മീറ്റര്‍ അഴിച്ചുവച്ച് ഓടിയശേഷം വീണ്ടും സീറോ കിലോമീറ്ററിലാക്കിയാണ് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് കാക്കനാട് പടമുകളില്‍ നിന്ന് ഒരു പുതിയ കാര്‍ പിടികൂടിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

കാര്‍ഡീലര്‍മാരാണ് ഇത്തരത്തില്‍ അനധികൃതമായി പുതിയ വാഹനം ഉപയോഗിച്ചശേഷം ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. പുതിയ കാറില്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചാണ് ഇത്തരത്തില്‍ വാഹനങ്ങളെടുത്ത് ഉപയോഗിക്കുന്നത്. ഈ സമയം സ്പീഡോ മീറ്റര്‍ അഴിച്ചുവെയ്ക്കും. ഈ വാഹനം ഡെമോയായി ഉപയോഗിക്കാന്‍ നിയമമുണ്ട്. മോട്ടോര്‍വാഹനവകുപ്പ് അനുമതി നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് വാഹന ഡീലര്‍മാര്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വാഹനത്തില്‍ പതിക്കുന്നത്. 

ഉപഭോക്താവിനെ വാഹനം ഓടിച്ചുകാണിക്കുന്നതിനും ഉപഭോക്താവിന് സ്വയം ഓടിച്ചുനോക്കാനുമാണ് ഡെമോ കാറുകള്‍ ഉപയോഗിക്കുന്നത്. ഇവ വീണ്ടും ഡെമോയായി തന്നെ ഉപയോഗിക്കണമെന്നാണ് നിയമം. എന്നാല്‍ പുതിയ കാറുകള്‍ ഭൂരിഭാഗം ഡീലര്‍മാരും ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ ഉപയോഗിച്ചശേഷമാണ് ഉടമയ്ക്ക് വില്‍പ്പന നടത്തുന്നതെന്നാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.


ഉടമയ്ക്ക് ലഭിക്കുന്ന പുതിയ ആഡംബര കാറുകളില്‍ പലതും കുറെ കിലോമീറ്ററുകള്‍ ഇവര്‍ ഉപയോഗിച്ച ശേഷമായിരിക്കും ലഭിക്കുക. വില്‍പ്പന നടത്തുന്ന സമയത്ത് സ്പീഡോ മീറ്റര്‍ സീറോയാക്കി വാങ്ങുന്നയാള്‍ക്ക് നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com