ദേവസ്വം ബോര്‍ഡ് കോടതിയിലേക്ക് ; സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് ധരിപ്പിക്കും

നിലവിലെ സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രിംകോടതിയിലും, കേരള ഹൈക്കോടതിയിലും നല്‍കും
ദേവസ്വം ബോര്‍ഡ് കോടതിയിലേക്ക് ; സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് ധരിപ്പിക്കും

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രിംകോടതിയിലും, കേരള ഹൈക്കോടതിയിലും നല്‍കും. സുപ്രിംകോടതിയിലെ കേസില്‍ നിലവില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി തന്നെ ഹാജരാകും. ദേവസ്വം ബോര്‍ഡ്  റിവ്യൂ ഹർജി നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പദ്മകുമാർ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകനായ മനു അഭിഷേക് സിം​ഗ് വിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 

ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലും നിലവിലെ സ്ഥിതിഗതികള്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ മുഖേന ധരിപ്പിക്കും. ശബരിമല പൂങ്കാവനം സമാധാനത്തിന്റെ കേന്ദ്രമാണ്. അവിടം കലാപഭൂമിയാക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനും ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു. 

സ്ത്രീ പ്രവേശനത്തിനെതിരെ നിലവില്‍ 25 ഓളം റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതിയിലുണ്ട്. ഇതിലെല്ലാം ദേവസ്വം ബോര്‍ഡും കക്ഷികളാണ്. അതില്‍ വാദം നടക്കുമ്പോള്‍ ബോര്‍ഡ് നിലപാട് അറിയിക്കുക തന്നെ ചെയ്യും. ശബരിമലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനും ശ്രമം നടക്കുന്നുണ്ട്. ഭക്തരായ ജനങ്ങള്‍ എന്ന രീതിയില്‍ നിന്ന് മാറി ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതിനോട് ദേവസ്വം ബോര്‍ഡിന് യാതൊരു യോജിപ്പുമില്ല. 

കോടതി വിധി നടപ്പിലാക്കാന്‍ ശബരിമലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ അടിയന്തരമായ നടപടി എടുക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പ്രമുഖരെ മുഖ്യമന്ത്രി മുന്‍ കൈയെടുത്ത് വിളിച്ച് ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ബോര്‍ഡ് തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് അംഗം രാഘവന്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്. അദ്ദേഹത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചതുകൊണ്ടാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com