മാര്‍ക്‌സിസ്റ്റ് കപട ഭക്തര്‍ ശബരിമല കീഴടക്കാന്‍ ശ്രമിക്കുന്നു: ആരോപണവുമായി ബിജെപി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 20th October 2018 06:18 PM  |  

Last Updated: 20th October 2018 06:18 PM  |   A+A-   |  

 

 

തിരുവനന്തപുരം: ശബരിമല വിഷയം ആളിക്കത്തുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മാര്‍ക്‌സിസ്റ്റ് കപട ഭക്തര്‍ ശബരിമല കീഴടക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് എംഎസ്‌കുമാര്‍ പറയുന്നു. പാര്‍ട്ടി ചാവേറുകളെ സന്നിധാനത്ത് വിന്യസിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിലൂടെ കേരളത്തെ കലാപഭൂമിയാക്കി യുദ്ധക്കളമാക്കാനുള്ള നീക്കമാണ് സിപിഎമ്മിനുള്ളതെന്നും എംഎസ് കുമാര്‍ പറഞ്ഞു.  

ഒരു യുവതിയെ എങ്കിലും സന്നിധാനത്ത് കയറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോട്ടയത്തു നിന്നും കാണാതായ ജെസ്‌നയെ കണ്ടെത്താന്‍ മാസങ്ങളായിട്ടും പോലീസിന് സാധിക്കുന്നില്ല. എടിഎമ്മുകള്‍ കവര്‍ന്ന് കോടികള്‍ കൊള്ളയടിക്കുന്നു. ഇതൊന്നും കണ്ടെത്താന്‍ പൊലീസിന് സമയമില്ല. എന്നാല്‍ സമൂഹത്തില്‍ സദാചാരം ലംഘനം നടത്തുന്ന ആക്ടിവിസ്റ്റുകളെ ഇരുന്നൂറിലധികം പൊലീസുകാരുടെ അകമ്പടിയോടെ മലചവിട്ടിപ്പിക്കുവാനാണ് പൊലീസിനും സര്‍ക്കാരിനും താല്‍പ്പര്യമെന്ന് എംഎസ്‌കുമാര്‍ ആരോപിച്ചു.
 
അതീവ രഹസ്യമായി സുക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ വരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേകിച്ച് ശബരിമലയില്‍ അതീവ സുരക്ഷാ സംവിധാനം വേണമെന്നാണ് കേന്ദ്ര ഇന്റലിജെന്‍സ് വിഭാഗം സംസ്ഥാനത്തെ അറിയിച്ചത്. ചില വനിതാ ആക്ടിവിസ്റ്റുകള്‍, ഇടത്‌നിലപാടുള്ള തീവ്ര ഗ്രൂപ്പുകളില്‍പ്പെട്ട സ്ത്രീകള്‍ തുടങ്ങിയവര്‍ ശബരിമലയില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ മുന്നറിയിപ്പ് സംസ്ഥാന ആഭ്യന്തര വകുപ്പ് അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ സൂപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന്  കേന്ദ്രം ആവശ്യപ്പെട്ടെന്ന തരത്തില്‍ രഹസ്യമായി സൂക്ഷിക്കേണ്ട കേന്ദ്ര ഇന്റലിജെന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ചട്ടം ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിടുകയായിരുന്നുവെന്നും എംഎസ് കുമാര്‍ ആരോപിച്ചു.