കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 ന​ഗരങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകൾ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 ന​ഗരങ്ങളിലേക്കും രാജ്യാന്തര സെക്ടറിൽ 16 ന​ഗരങ്ങളിലേക്കും നേരിട്ട് വിമാന സർവീസുകൾ
കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 ന​ഗരങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകൾ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 ന​ഗരങ്ങളിലേക്കും രാജ്യാന്തര സെക്ടറിൽ 16 ന​ഗരങ്ങളിലേക്കും നേരിട്ട് വിമാന സർവീസുകൾ. ബം​ഗളൂരുവിലേക്കാണ് ഏറ്റവുമധികം പ്രതിദിന സർവീസുകൾ. 15 സർവീസുകളാണ് ബം​ഗളൂരുവിലേക്കുള്ളത്. ശീതകാല വിമാന സർവീസുകളുടെ സമയവിവര പട്ടിക നാളെ നിലവിൽ വരും. 2019 മാർച്ച് 30 വരെയാണ് കാലാവധി. 

​ഗോവ, ഭുവനേശ്വർ, വിശാഖപട്ടണം, നാ​ഗ്പൂർ, ലഖനൗ, ​ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള പുതിയ സർവീസുകളാണ് പട്ടികയെ ആകർഷകമാക്കുന്നത്. നിലവിൽ കണക്ഷൻ വിമാനങ്ങളുള്ള ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുകളാകും. ആഴ്ചയിൽ 1,734 സർവീസുകളാണുള്ളത്. വേനൽക്കാല പട്ടികയിൽ ഇത് 1,360 ആയിരുന്നു. പ്രതിദിന ശരാശരി വിമാനങ്ങളുടെ എണ്ണം 124 ലാൻഡിങും 124 ടേക് ഓഫും. 

​ഗോവയിലേക്ക് ഇൻഡി​ഗോ, ​ഗോ എയർ എന്നിവയാണ് സർവീസ് ആരംഭിക്കുന്നത്. ​ഗോ എയർ നവംബർ 15നും ഇൻഡി​ഗോ ഡിസംബർ ഒന്നിനും സർവീസ് തുടങ്ങും. ഇൻഡി​ഗോ രാത്രി 9.40നും ​ഗോ എയർ പുലർച്ചെ 3.20നും പുറപ്പെടും. മറ്റ് പുതിയ സർവീസുകൾ ഇൻഡി​ഗോയുടേതാണ്. ഭുവനേശ്വർ വിമാനം പുലർച്ചെ 5.35നും വിശാഖപട്ടണം സർവീസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40നും മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.10നും പുറപ്പെടും. ഡിസംബർ ഒന്നിനാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. 

നാ​ഗ്പൂരിലേക്കുള്ള സർവീസ് നവംബർ 15ന് തുടങ്ങും. ദിവസവും രാത്രി ഒൻപതിന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ലഖ്നൗ, ​ഗുവാഹത്തി സർവീസുകൾ ഡിസംബർ ഒൻപതിന് ആരംഭിക്കും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.20നാണ് ലഖ്നൗ സർവീസ് പുറപ്പെടുക. ​ഗുവാഹത്തി വിമാനം ദിവസവും രാവിലെ 5.35ന് പുറപ്പെടും. 

നിലവിൽ ​ഗോ എയറിന്റെ അഹമ്മദാബാദ് വഴിയുള്ള ജയ്പൂർ സർവീസിന് പുറമെ നവംബർ 15 മുതൽ ഇൻഡി​ഗോ ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുകൾ ആരംഭിക്കും. ജയ്പൂർ സർവീസ് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.05ന് പുറപ്പെടും. കൊൽക്കത്ത വിമാനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴിനാണ് പുറപ്പെടുക. 

രാജ്യാന്തര സെക്ടറിൽ മാലി, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇൻഡി​ഗോ പുതിയ സർവീസുകൾ തുടങ്ങും. എയർ ഏഷ്യയുടെ പുതിയ ക്വലാലംപൂർ സർവീസ് ജനുവരിയിൽ തുടങ്ങും. ആഴ്ചയിൽ മൂന്ന് സർവീസുകളാണുണ്ടാകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com