കളവ് പറഞ്ഞാല്‍ യൂസഫലിക്കെതിരെ നടപടി ഉണ്ടാവില്ലേ? ഇവിടെ കള്ളം പറഞ്ഞത് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി

കേരളത്തിനുള്ള സഹായവാഗ്ദാനം യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് അറിയിച്ചു എന്നത് തന്നോട് പറഞ്ഞത് യൂസഫലിയാണ്
കളവ് പറഞ്ഞാല്‍ യൂസഫലിക്കെതിരെ നടപടി ഉണ്ടാവില്ലേ? ഇവിടെ കള്ളം പറഞ്ഞത് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി


തൃശൂര്‍: കേരളത്തിന് യുഎഇ സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് എം.എ. യൂസഫലി പറഞ്ഞത് കള്ളമായിരുന്നു എങ്കില്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി വരുമായിരുന്നില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു യുഎഇ വാഗ്ദാനം ചെയ്ത ധനസഹായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം. 

കേരളത്തിനുള്ള സഹായവാഗ്ദാനം യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് അറിയിച്ചു എന്നത് തന്നോട് പറഞ്ഞത് യൂസഫലിയാണ്. 700 കോടിയുടെ ധനസഹായം യുഎഇ വാഗ്ദാനം ചെയ്തു എന്നത് സത്യമായ കാര്യമാണ്. യുഎഇ ഭരണാധികാരി ഈ വിവരം പറഞ്ഞത് വെച്ചാണ് യൂസഫലി എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്.യുഎഇ ഭരണാധികാരിയില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് യൂസഫലി അക്കാര്യം തന്നെ അറിയിച്ചത്. യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ് യുസഫലിക്ക് അവിടെ ജീവിക്കാന്‍ പറ്റുമോ എന്ന് പിണറായി വിജയന്‍ ചോദിക്കുന്നു. ഇവിടെ കളവ് പറഞ്ഞത് പ്രധാനമന്ത്രിയാണ് എന്നത് വ്യക്തമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

യുഎഇയുടെ സഹായ വാഗ്ദാനം കേന്ദ്രം നിരസിച്ചതോടെ, സമാനമായി മറ്റ് ലോക രാജ്യങ്ങളില്‍ നിന്നും വരുമായിരുന്ന ആയിരക്കണക്കിന് കോടി രൂപയാണ് കേന്ദ്രം തടഞ്ഞത്. കേരളം പുനര്‍ നിര്‍മിച്ചുകൂടാ എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. തിന്നുകയുമില്ലാ, തീറ്റിക്കുകയുമില്ലാ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നും പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com