മുഖ്യമന്ത്രിയെയാണോ ഭയക്കുന്നത്; തന്ത്രികുടുംബത്തിന് രാഹുലിന്റെ മാസ് മറുപടി; അഞ്ചാം തിയ്യതി മലയില്‍ കാണാം

മുഖ്യമന്ത്രിയെയാണോ ഭയക്കുന്നത്; തന്ത്രികുടുംബത്തിന് രാഹുലിന്റെ മാസ് മറുപടി; അഞ്ചാം തിയ്യതി മലയില്‍ കാണാം
മുഖ്യമന്ത്രിയെയാണോ ഭയക്കുന്നത്; തന്ത്രികുടുംബത്തിന് രാഹുലിന്റെ മാസ് മറുപടി; അഞ്ചാം തിയ്യതി മലയില്‍ കാണാം

പത്തനംതിട്ട: തന്ത്രി കുടുംബാംഗമല്ലാത്ത രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ഒരവകാശവുമില്ലെന്ന താഴമണ്‍ തന്ത്രി കുടുംബത്തിന്റെ നിലപാടിനെതിരെ രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ തനിയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബാലിശമാണ്. ആരെയോ ഭയന്നാണ് താഴമണ്‍ തന്ത്രികുടുംബം തനിയ്‌ക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

'എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നതുകൊണ്ടാണോ തന്ത്രികുടുംബം ഭയക്കുന്നത്? അയ്യപ്പവിശ്വാസിയായാണ് താന്‍. സമരവുമായി മുന്നോട്ടുപോകുക തന്നെ ചെയ്യണം. അഞ്ചാംതീയതി നട തുറക്കുമ്പോള്‍ ഞാന്‍ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. 

മതസ്പര്‍ധയുണ്ടാക്കുന്ന പ്രതികരണത്തെ തുടര്‍ന്ന് രണ്ടാംവട്ടവും അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെതിരെ താഴമണ്‍ തന്ത്രികുടുംബം രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ രക്തം വീഴ്ത്തി നട അടപ്പിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞതിന് അറസ്റ്റിലായതിന് പിന്നാലെയാണ് തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം രംഗത്തെത്തിയത്. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുല്‍ ഈശ്വറിന്റെ പ്രവൃത്തികള്‍ പേരുദോഷമുണ്ടാക്കി. രാഹുലിന്റെ അമ്മ മാത്രമാണ് താഴമണ്‍ കുടുംബത്തിലെ അംഗമെന്നും തന്ത്രി കണ്ഠര് മോഹനര് തിരുവല്ലയില്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു. സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കുന്നു. ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം. അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും.

പത്തനംതിട്ടയില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ കുടുംബം പറയുന്നു. തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. സര്‍ക്കാരുമായോ ദേവസ്വംബോര്‍ഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിയ്ക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com