'ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്താണ് ആ വെള്ളപ്പൊക്കം അച്ഛന്‍ എഴുതിയത്'; ജീവിതപ്പാതയുടെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്കെന്ന് ചെറുകാടിന്റെ മക്കള്‍

ഭൂമി അളിഞ്ഞളിഞ്ഞ് ചീഞ്ഞുകൊണ്ടിരുന്നു..... കൊടുങ്കാറ്റ് അറബിക്കടലിലെ കോടക്കാറുകളെ കല്ലടിക്കോടന്‍ മലമുകളിലേക്കെടുത്തെറിഞ്ഞ് തച്ചുടച്ച് ജലപ്രളയമുണ്ടാക്കി.' 
'ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്താണ് ആ വെള്ളപ്പൊക്കം അച്ഛന്‍ എഴുതിയത്'; ജീവിതപ്പാതയുടെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്കെന്ന് ചെറുകാടിന്റെ മക്കള്‍

തൃശ്ശൂര്‍:  ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ വിവരിച്ച വെള്ളപ്പൊക്കം പത്ത് വയസ്സില്‍  അദ്ദേഹമറിഞ്ഞ തീവ്ര വേദനയായിരുന്നുവെന്ന്
മക്കളായ ഡോക്ടര്‍ കെ പി മോഹനനും കെ പി രമണനും. ജീവിതപ്പാതയുടെ റോയല്‍റ്റിയില്‍ നിന്നും ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതായും അവര്‍ അറിയിച്ചു. 

മലയാള വര്‍ഷം 1099 ല്‍ കേരളത്തെ മുക്കിയ വെള്ളപ്പൊക്കമുണ്ടായത് അങ്ങേയറ്റം ഹൃദയഭേദകമായ രീതിയാലാണ് ചെറുകാട് എഴുതിയിരിക്കുന്നത്. 

'മദം പൊട്ടിയ മത്തഗജം പോലെ വെള്ളം തലയുയര്‍ത്തി കുതികുതിച്ചുവരാന്‍ തുടങ്ങി. ചെറുകാട്ടുപാടം നിറഞ്ഞുനിന്ന നിലയില്‍ ആകാശത്തേക്ക് ഉയരുകയാണ്. പാടത്തിന്റെ കരയാകെ വെള്ളത്തിലാണ്ടു. വെള്ളം പൊങ്ങി വീടുകള്‍ വളഞ്ഞു. നനഞ്ഞുകുതിര്‍ന്ന വീടുകള്‍ നിലം പൊത്തിയലിഞ്ഞു. വീട്ടുകാര്‍ മരച്ചുവട്ടില്‍ ചട്ടിയും, കലങ്ങളും, കൊട്ടയും, കോഴിക്കൂടും പെറുക്കിക്കൂട്ടി, കുട്ടികളെ മാറോടടക്കിപ്പിടിച്ച് മഴകൊണ്ട് വിറച്ചുനിന്നു. ഫലവൃക്ഷങ്ങളിലെ കായ്കള്‍ ചീഞ്ഞുകൊഴിഞ്ഞു. നനഞ്ഞ കന്നുകാലികളുടെ കുളമ്പും, നാവും ചീഞ്ഞു. അവ മണ്ണടിഞ്ഞ് ചത്തുമലര്‍ന്നു. പ്രകൃതി കരാളരൂപിണിയായി, കരിഞ്ചിടയഴിച്ചു പരത്തി കലിതുള്ളി കാളരാത്രിയായിനിന്നു.'

'മകയിരം ഞാറ്റുവേല. മതിമറന്നു മഴ പെയ്തുകൊണ്ടിരുന്നു. നട്ടു കൈയെടുത്ത കുണ്ടുപാടങ്ങളില്‍ വെള്ളം കയറി. മലകളില്‍ ശക്തിയോടെ പെയ്ത വെള്ളം മേല്‍പ്പാടങ്ങളിലേയും പണിമുടക്കി........ പുഴവെള്ളം കുറ്റിക്കാട്ടുവരമ്പില്‍ തലവച്ച് ഒരാഴ്ച്ചകിടന്നു. കുണ്ടുപാടങ്ങളില്‍ നട്ട് തുമ്പെടുത്ത നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങി വീണ് കുറ്റിയറ്റുപോയി....... ഭൂമി അളിഞ്ഞളിഞ്ഞ് ചീഞ്ഞുകൊണ്ടിരുന്നു..... കൊടുങ്കാറ്റ് അറബിക്കടലിലെ കോടക്കാറുകളെ കല്ലടിക്കോടന്‍ മലമുകളിലേക്കെടുത്തെറിഞ്ഞ് തച്ചുടച്ച് ജലപ്രളയമുണ്ടാക്കി.' 

 1976 ലാണ് ചെറുകാട് എന്ന തൂലിക നാമത്തില്‍ എഴുതിയിരുന്ന ചെറുകാട് ഗോവിന്ദപ്പിഷാരടിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. മുത്തശ്ശി, ദേവലോകം തുടങ്ങിയ നോവലുകളുള്‍പ്പടെ മുപ്പതിലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com