മോഹന്‍ലാല്‍ അത്തരമൊരു വിഡ്ഢിത്തം കാണിക്കില്ല; ബിജെപിയെ പരിഹസിച്ച് ചെന്നിത്തല

ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യെന്നായിരുന്നു രമേശിന്റെ പ്രതികരണം
മോഹന്‍ലാല്‍ അത്തരമൊരു വിഡ്ഢിത്തം കാണിക്കില്ല; ബിജെപിയെ പരിഹസിച്ച് ചെന്നിത്തല

തിരുവനന്തപുരം: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  തിരുവനന്തപുരം പ്രസ് ക്‌ളബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യെന്നായിരുന്നു രമേശിന്റെ പ്രതികരണം. അതേസമയം ബി.ജെ.പിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷമാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

തിരുവനന്തപുരത്ത് നിന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാവുന്ന കാര്യം അറിഞ്ഞില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. തന്റെ ജോലി താന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയത്. ഒരു ട്രസ്റ്റിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായിരുന്നു അത്. ഇതാദ്യമായല്ല പ്രധാനമന്ത്രിമാരെ കാണുന്നത്. മുന്‍പ് മറ്റ് പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരത്ത് നിന്നും മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഇന്ന് പറഞ്ഞിരുന്നു. നിലവില്‍ അദ്ദേഹം സേവാ ഭാരതിയുമായി സഹകരിക്കുന്നുണ്ട്. പക്ഷേ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരേക്കും നടന്നിട്ടില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com