വിധി വരുന്നതിനു തൊട്ടുമുമ്പ് അബോധാവസ്ഥയിലായി, ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചന്ദ്രശേഖരന്‍ യാത്രയായത് അന്തിമ വിധി അറിയാതെ

ചാരക്കേസില്‍ നമ്പിനാരായണനൊപ്പം പ്രതിചേര്‍ക്കപ്പെട്ട കെ ചന്ദ്രശേഖരന്‍ (76) അന്തരിച്ചു
വിധി വരുന്നതിനു തൊട്ടുമുമ്പ് അബോധാവസ്ഥയിലായി, ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചന്ദ്രശേഖരന്‍ യാത്രയായത് അന്തിമ വിധി അറിയാതെ

ബെംഗളൂരു: ചാരക്കേസില്‍ നമ്പിനാരായണനൊപ്പം പ്രതിചേര്‍ക്കപ്പെട്ട കെ ചന്ദ്രശേഖരന്‍ (76) അന്തരിച്ചു. കേസിലെ സുപ്രീംകോടതിയുടെ സുപ്രധാന വിധിയറിയാതെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അന്തരിച്ചത്.  

ചാരക്കേസില്‍ സുപ്രീംകോടതിവിധി വരുമെന്ന് ചന്ദ്രശേഖരന് അറിയാമായിരുന്നെന്നും എന്നാല്‍, അന്ന് രാവിലെ ഏഴുമണിയോടെ അബോധാവസ്ഥയിലാകുകയായിരുന്നെന്നും ഭാര്യ വിജയമ്മ പറഞ്ഞു. 

മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുമായി ചേര്‍ന്ന് ബഹിരാകാശ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് ചന്ദ്രശേഖരന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. 1994 നവംബര്‍ 24നാണ് ചന്ദ്രശേഖരനെ ബെംഗളൂരുവില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 50ദിവസത്തോളം ജയിലില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. 

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍  നമ്പി നാരായണനൊപ്പം ചന്ദ്രശേഖരനെയും കോടതി കുറ്റവിമുക്തനാക്കി. ഇന്ത്യയുമായി ബഹിരാകാശ ഗവേഷണവിഷയത്തില്‍ സഹകരണം പുലര്‍ത്തിയിരുന്ന ഗ്ലാവ്‌കോസ്‌മോസ് എന്ന റഷ്യന്‍ കമ്പനിയുടെ ലെയ്‌സണ്‍ ഏജന്റായിരിക്കേയാണ് അദ്ദേഹം ചാരക്കേസില്‍ അറസ്റ്റിലായത്.

കുറ്റവിമുക്തനാക്കപ്പെട്ടശേഷം ബെംഗളൂരുവില്‍ വിദ്യാരണ്യപുരയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. അറസ്‌റ്റോടെ ചന്ദ്രശേഖരന്‍ മാനസികമായി തകര്‍ന്നിരുന്നതായി ഭാര്യ പറഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തങ്ങളെ കല്ലെറിഞ്ഞ് ഓടിച്ച നാടായതിനാല്‍ കേരളത്തിലേക്ക് തിരിച്ചുപോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com