വീട്ടുകാരെ മയക്കി മോഷണം; പിടികൊടുക്കാതെ തന്ത്രങ്ങളുമായി മാരിയമ്മ, കടന്നത് കെഎസ്ആര്‍ടിസിയില്‍

തിരൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസിയില്‍ രാവിലെ ഇവര്‍ ആലിങ്ങലില്‍ നിന്നും കയറിയതായി ജീവനക്കാര്‍
വീട്ടുകാരെ മയക്കി മോഷണം; പിടികൊടുക്കാതെ തന്ത്രങ്ങളുമായി മാരിയമ്മ, കടന്നത് കെഎസ്ആര്‍ടിസിയില്‍

തിരൂര്‍: തുളസിയും മഞ്ഞളും ചേര്‍ത്ത പാനിയത്തില്‍ വിഷവസ്തു കലര്‍ത്തി വീട്ടുകാരെ അബോധാവസ്ഥയിലാക്കിയ ശേഷം മോഷണം നടത്തിയ വീട്ടുവേലക്കാരി രക്ഷപെട്ടത് കെഎസ്ആര്‍ടിസി ബസില്‍. തിരൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസിയില്‍ രാവിലെ ഇവര്‍ ആലിങ്ങലില്‍ നിന്നും കയറിയതായി ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. 

വീട്ടുകാരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കയ്ക്കലാക്കിയായിരുന്നു ഇവര്‍ കടന്നു കളഞ്ഞത്. പൊലീസിന് പോലും പിടിക്കൊടുക്കാത്ത തന്ത്രങ്ങളുമായിട്ടാണ് മാരിയമ്മയുടെ മോഷണവും നീക്കങ്ങളും. ആലിങ്ങലില്‍ നിന്നും കയറിയ ഇവര്‍ ആറ്റിങ്ങലിലാണ് ഇറങ്ങിയത്. 

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് മാരിയമ്മയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് ഒരു സംഘം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മറ്റൊരു സംഘം, മലപ്പുറം ജില്ലയിലും അന്വേഷണം എന്ന നിലയിലാണ് മാരിയമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്. 

വീട്ടുകാരെ അബോധാവസ്ഥയിലാക്കാന്‍ മാരിയമ്മ നല്‍കിയതായി പറയപ്പെടുന്ന മരുന്നിന്റെ കാര്യത്തിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. മോഷണം നടന്ന വീട്ടില്‍ നിന്നും മയക്കുമരുന്നിന്റെ ബാക്കി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മിനറല്‍ വാട്ടറിന്റെ കുപ്പിയിലായിരുന്നു ഈ മരുന്നു. 

മരുന്ന് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കോടതി നിര്‍ദേശപ്രകാരം ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുവാനാണ് പൊലീസ് തീരുമാനം. വേഗത്തില്‍ മുടി വളരും എന്ന് പറഞ്ഞായിരുന്നു ഈ പാനിയം വീട്ടുകാര്‍ക്ക് നല്‍കിയത്. കുടുംബനാഥന്‍ ഖാലിദ് വേണ്ടെന്ന് പറഞ്ഞപ്പോള്‍ മയക്കുമരുന്ന് ഇദ്ദേഹത്തിന് കാപ്പിയില്‍ ഇട്ട് നല്‍കി. മാരിയമ്മയ്‌ക്കെതിരെ വിവിധ മോഷണ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com