ഒരു വശത്ത് നവകേരള സൃഷ്ടിക്കായി സഹായം തേടല്‍, മറുവശത്ത് ഉദ്യോഗസ്ഥര്‍ക്ക് അലവന്‍സ് വര്‍ധനയുടെ ആര്‍ഭാടം; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശന പെരുമഴ 

നവകേരള സൃഷ്ടിക്കായി മുന്‍പന്തിയില്‍ നിന്ന സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തിലുടെ സ്വയം അപഹാസ്യമായി തീര്‍ന്നതായി സാമൂഹ്യമാധ്യമങ്ങള്‍ വിമര്‍ശിച്ചു
ഒരു വശത്ത് നവകേരള സൃഷ്ടിക്കായി സഹായം തേടല്‍, മറുവശത്ത് ഉദ്യോഗസ്ഥര്‍ക്ക് അലവന്‍സ് വര്‍ധനയുടെ ആര്‍ഭാടം; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശന പെരുമഴ 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റി നവകേരളം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സമൂഹം ഒറ്റക്കെട്ടായി നിന്ന് ഒരേ മനസോടെയാണ് പിന്തുണയ്്ക്കുന്നത്. കേരളത്തെ കെട്ടിപ്പടുക്കാന്‍ സഹായമായി ലഭിക്കുന്ന ഓരോ പൈസയും സ്വരൂപിക്കേണ്ടതിന്റെ ആവശ്യകതയും ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് സര്‍ക്കാരിന്റെ മുന്നോട്ടുളള പോക്ക്. ഇതിനിടെ സെക്രട്ടറിമാരുടെ ഫോണ്‍ ഇന്റര്‍നെറ്റ് അലവന്‍സുകള്‍ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. നവകേരള സൃഷ്ടിക്കായി മുന്‍പന്തിയില്‍ നിന്ന സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തിലുടെ സ്വയം അപഹാസ്യമായി തീര്‍ന്നതായി സാമൂഹ്യമാധ്യമങ്ങള്‍ വിമര്‍ശിച്ചു.

പ്രളയദുരിതം നേരിടാനായി സാലറി ചലഞ്ചും ചെലവുചുരുക്കലുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ പൊടുന്നനെ സെക്രട്ടറിമാരുടെ ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ഡാറ്റാ അലവന്‍സുകള്‍ വര്‍ദ്ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രതിമാസം 3000 രൂപയായിരുന്ന ലാന്‍ഡ് ഫോണ്‍, മൊബൈല്‍ അലവന്‍സുകള്‍ 7500 രൂപയാക്കി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഏപ്രിലില്‍ ഫോണ്‍ അലവന്‍സ് 3000 രൂപയാക്കി കുറച്ചിരുന്നു. ഇതാണ് പണത്തിനായി വലയുമ്പോള്‍ സര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്. 

നിലവില്‍ പ്രതിവര്‍ഷം ഇന്റര്‍നെറ്റ് ഡാറ്റക്കായി 36,000 രൂപ ചെലവഴിക്കം. ഇത് 90,000 രൂപയാക്കി ഉയര്‍ത്തി.ഇതിന് പുറമെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ 30,000 രൂപ മൊബൈല്‍ ഫോണ്‍വാങ്ങാനായി സെക്രട്ടറിമാര്‍ക്ക് ലഭിക്കും. സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ ഓറീസുകളിലും സെക്രട്ടറിമാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. ലാന്‍ഡ് ഫോണും ഓരോ സെക്രട്ടറിക്കും ലഭ്യമാണ്. ഇതിന് പുറമെയാണ് ഈ പണം നല്‍കുന്നത്. മാത്രമല്ല, മൊബൈല്‍ സേവനവും ഇന്റര്‍നെറ്റ് ഡാറ്റയും നല്‍കുന്ന കമ്പനികള്‍ വന്‍തോതില്‍ നിരക്ക് കുറച്ച ഇക്കാലത്ത്, ഇത്രയും ഉയര്‍ന്ന തുക അലവന്‍സായി അനുവദിക്കുന്നതിന്റെ യുക്തിയും സാമൂഹ്യമാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com