തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യറേഷന്‍ ; സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭയുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കും. പദ്ധതിയുടെ കരാര്‍ റിലയന്‍സിനാണ് നല്‍കിയിട്ടുള്ളത്
തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യറേഷന്‍ ; സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : തീരപ്രദേശങ്ങളില്‍  ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കടല്‍ക്ഷോഭം മൂലം കടലില്‍ പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടലില്‍ പോയവര്‍ മടങ്ങിവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കും. പദ്ധതിയുടെ കരാര്‍ റിലയന്‍സിനാണ് നല്‍കിയിട്ടുള്ളത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ടെന്‍ഡര്‍ അംഗീകരിക്കാനുള്ള ഫയല്‍ മുന്‍പ് മന്ത്രിസഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പെരുമാറ്റച്ചട്ടം മൂലം മാറ്റിവയ്ക്കുകയായിരുന്നു. 

ടെന്‍ഡറില്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 18% ജിഎസ്ടി അടക്കം 2992.48 രൂപയാണു ജീവനക്കാരന്റെ വാര്‍ഷിക പ്രീമിയമായി അവര്‍ ആവശ്യപ്പെടുന്നത്. ടെന്‍ഡറുകള്‍ പരിശോധിച്ച ധനവകുപ്പ്  റിലയന്‍സിനെയാണു ശുപാര്‍ശ ചെയ്തത്. 

ജീവനക്കാരനും ആശ്രിതരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. സാധാരണ രോഗങ്ങള്‍ക്ക് ഒരാള്‍ക്കു 2 ലക്ഷം രൂപവരെ ലഭിക്കും. ഹൃദയം, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് 5 ലക്ഷം വരെയാണു ലഭിക്കുക. അവയവം  മാറ്റിവയ്ക്കലിനും മറ്റും സഹായിക്കുന്നതിനു  ധന സെക്രട്ടറിയുടെ നേതൃത്വത്തില്‍ 25 കോടിയുടെ പ്രത്യേക നിധി ഉണ്ടാക്കും. 

ചീമേനി ജയിലിലുള്ള നാല് തടവുകാരെ മോചിപ്പിക്കാനുള്ള ശുപാര്‍ശയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 14 വര്‍ഷം പിന്നിട്ട 70 വയസ്സ് കഴിഞ്ഞ തടവുകാരെയാണ് മോചിപ്പിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ തീരുമാനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com