'ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്ക്വോ, ഉറങ്ങാന്‍ പറ്റുന്നില്ല' ; നെഞ്ചുപിളര്‍ക്കും കാഴ്ച

ദുരന്തഭൂമിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഷൗക്കത്തിനെയും മുനീറയെയും രക്ഷപ്പെടുത്തി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്
'ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്ക്വോ, ഉറങ്ങാന്‍ പറ്റുന്നില്ല' ; നെഞ്ചുപിളര്‍ക്കും കാഴ്ച


വയനാട് : വയനാട് പുത്തുമലയിലെ നാട്ടുകാര്‍ക്ക് ഓര്‍ക്കാന്‍പോലും കഴിയാത്തത്ര ഞെട്ടലിലാണ്  മൂന്നുവയസ്സുകാരന്‍ മുഹമ്മദ് മിഹിസിബിന്റെ മരണം. പുത്തുമലയില്‍ ചായക്കട നടത്തുന്ന ഷൗക്കത്ത്  മുനീറ  ദമ്പതികളുടെ മകനെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. ആറ്റുനോറ്റുണ്ടായ കണ്‍മണിയെ താലോലിച്ച് കൊതിതീരുംമുമ്പ് മരണം തട്ടിയെടുത്തതിന്റെ ആഘാത്തതിലാണ് ഷൗക്കത്ത്. മകന്റെ മരണവിവരം മുനീറയെ അറിയിച്ചിട്ടില്ല.

ദുരന്തഭൂമിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഷൗക്കത്തിനെയും മുനീറയെയും രക്ഷപ്പെടുത്തി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലും അവര്‍ തിരക്കിയത് തന്റെ കണ്‍മണിയെക്കുറിച്ചാണ്. മകനൊപ്പമുള്ള അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴും പൊന്നോമനയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആ അമ്മ.

ചായ കുടിച്ചിരിക്കുന്ന സമയത്താണ് ' ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാന്‍ പറ്റുന്നില്ല' എന്ന് പറഞ്ഞ് മകന്‍ മുഹമ്മദ് മിഹിസിബ് വന്നത്. ചായ കൊടുത്തിട്ട് വരാമെന്ന് പറഞ്ഞ് മീന്‍ വറുക്കാന്‍ പോയി. അപ്പോഴാണ് എന്തോ ഇരമ്പി വരുന്ന ശബ്ദം കേട്ടത്. പൊന്നുമോന്റെ കൈ പിടിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല. കുറേ ആളുകള്‍ ചേര്‍ന്ന് എന്നെ രക്ഷപ്പെടുത്തി... മുനീറ പറയുന്നു. 

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പ്രതീക്ഷകളെല്ലാം കെടുത്തി കുട്ടിയുടെ മൃതദേഹം ലഭിച്ചു. ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലില്‍ ബാക്കിയായത് ചായക്കടയുടെ അടിത്തറ മാത്രം. ബാക്കിയെല്ലാം ഒളിച്ചുപോയി.  ഇതിന് സമീപത്തുനിന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞ് മിഹിസിബിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com