'ആ കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ' ; ചികില്‍സ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല
'ആ കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ' ; ചികില്‍സ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം : മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ച അനസിന് സഹായ ഹസ്തവുമായി ആരോഗ്യമന്ത്രി. അനസുമായി ഫോണില്‍ സംസാരിച്ചെന്നും, കുട്ടിയുടെ  ചികിത്സ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങള്‍. തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക. മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍.സി.സിയില്‍യില്‍ അഡ്മിറ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ. ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും, രണ്ട് പേര്‍ സഹായിച്ചത് ഉള്‍പ്പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു'വെന്ന് അനസ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. 

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങള്‍. തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക. എന്നാല്‍. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണില്‍ സംസാരിച്ചിരുന്നു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com