മഴക്കെടുതി: സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
മഴക്കെടുതി: സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വില്ലേജുകളാണ് പട്ടികയിലുള്ളത്. ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്. 

ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ 215ഉം, പാലക്കാട് 124ഉം, കോഴിക്കോട് 115ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രളയത്തില്‍ വെള്ളം കയറിയ വീടുകളില്‍ കഴിഞ്ഞവര്‍ക്കും, പൂര്‍ണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവര്‍ക്കും അടിയന്തരസഹായം കിട്ടും. മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്കും അടിയന്തരസഹായത്തിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com