ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍  സിബിഐ അന്വേഷണം: ഉറപ്പുനല്‍കി അമിത് ഷാ

ഫാത്തിമയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍  സിബിഐ അന്വേഷണം: ഉറപ്പുനല്‍കി അമിത് ഷാ

ന്യൂഡല്‍ഹി:  മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫാത്തിമയുടെ മാതാപിതാക്കള്‍ക്കാണ് അമിത് ഷാ ഉറപ്പുനല്‍കിയത്. 

ഫാത്തിമയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.പാര്‍ലമെന്റ് ഹൗസില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുളള എംപിമാരും പങ്കെടുത്തു. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ താത്പര്യം അനുസരിച്ചുളള അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണ്. നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഐഐടി അധികൃതര്‍ സഹകരിക്കുന്നുണ്ട്. ഇതിന് സമാന്തരമായി സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ഫാത്തിമയ്ക്ക് നീതി ലഭിക്കാന്‍ രണ്ട് അന്വേഷണവും നടക്കട്ടെയെന്ന ഉറപ്പാണ് അമിത് ഷായില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ലഭിച്ചത്.

കഴിഞ്ഞദിവസം ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്നും ലത്തീഫ് ആരോപിച്ചിരുന്നു. ഇതില്‍ മലയാളികളുമുണ്ടെന്ന് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. എന്‍ആര്‍ഐ മലയാളി വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. പേരുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ ഫാത്തിമ എന്ന പതിനെട്ടുകാരിയെ  മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ഭക്ഷണത്തിന് എത്താത്തതിനെ തുടര്‍ന്നു മറ്റുള്ളവര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.

ഈ വര്‍ഷത്തെ ഐഐടി ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് കോഴ്‌സിനുള്ള പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ഫാത്തിമ. തന്റെ മരണത്തിന്റെ ഉത്തരവാദികളെ എടുത്തുപറഞ്ഞ്, മൊബൈല്‍ ഫോണില്‍ ഫാത്തിമ രേഖപ്പെടുത്തിയ രണ്ടു കുറിപ്പുകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക അന്വേഷണത്തില്‍ വീട്ടുകാര്‍ അതൃപ്തി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com