യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍; എത്രപേര്‍ക്ക് പണം കൊടുക്കുമെന്ന് ഹൈക്കോടതി

പാലാരിവട്ടത്ത് കുഴിയില്‍ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍; എത്രപേര്‍ക്ക് പണം കൊടുക്കുമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടത്ത് കുഴിയില്‍ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എത്രപേര്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. സംഭവുമായി ബന്ധപ്പെട്ട്  സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. 

കുഴിയടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നും ചെറുപ്രായത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായതില്‍ നാണക്കേടുകൊണ്ട് തലകുനിക്കുവെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. റോഡപകടത്തില്‍ മരിച്ച യുവാവിനോട് കോടതി മാപ്പുപറയുന്നു. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. ഇനിയും എത്രജീവന്‍ കൊടുത്താലാണ് ഈ നാട് നന്നാവുകയെന്നും കോടതി ചോദിച്ചു. 

കോടതിക്ക് ഉത്തരവ് ഇടാനെ കഴിയൂ. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. 
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയെയും കോടതി വിമര്‍ശിച്ചു. ഒരാള്‍ ഒരു കുഴിയെടുത്താല്‍ അത് മൂടാന്‍ പ്രോട്ടോകോള്‍ ഉള്‍പ്പെടയുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കണം. അതുവരെ ഈ ജീവനുകള്‍ക്ക് ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. മജിസ്ട്രീരിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എജി കോടതിയെ അറിയച്ചപ്പോള്‍ അതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ഉദ്യോഗസ്ഥരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. 

ഇന്നലെ രാവിലെയാണ് പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപത്തുള്ള കുഴിയില്‍ വീണ് ഇരുചക്രവാഹനയാത്രക്കാരനായ കൂനമ്മാവ് സ്വദേശി യദുലാല്‍ മരിച്ചത്. കുഴിയുടെ അരികില്‍ വെച്ച ബോര്‍ഡില്‍ തട്ടി റോഡില്‍ യുവാവ് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറിയിടിച്ചായിരുന്നു മരണം. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com