ആലപ്പുഴ: പാര്‍ട്ടി നിലപാടുകൾക്ക് വിരുദ്ധമായി മകന്റെ വിവാഹം ആഡംബരപൂര്‍ണമായി നടത്തിയ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗമായ സി വി മനോഹരനെതിരെയാണ് നടപടി. ആറു മാസത്തേയ്ക്കാണ് സസ്പെൻഷൻ.
ചേര്‍ത്തല അരീപ്പറമ്പില്‍ ഈ മാസം 13ന് വൈകുന്നേരമായിരുന്നു വിവാഹസല്‍ക്കാരം. ഡിജെ പാര്ട്ടിയടക്കമായിരുന്നു ആഘോഷങ്ങൾ ക്രമീകരിച്ചിരുന്നത്. വിവാഹം ലളിതമായി നടത്തണമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് പാലിക്കാതിരുന്നത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മനോഹരന് കൂടി പങ്കെടുത്ത പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തിലാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്.
താനല്ല, മകനാണ് വിവാഹസല്‍ക്കാരം ഒരുക്കിയതെന്നായിരുന്നു സംഭവത്തിന് മനോഹരൻ നൽകിയ വിശദീകരണം. എന്നാല്‍ ഇത് നേതൃത്വം മുഖവിലയ്ക്കെടുത്തില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ