'മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികള്‍'; വിദ്വേഷ പ്രചരണവുമായി ബിജെപി നേതാവ്

മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികളാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ
'മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികള്‍'; വിദ്വേഷ പ്രചരണവുമായി ബിജെപി നേതാവ്

ബംഗളൂരു:  പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ വിദ്വേഷ പ്രചരണവുമായി ബിജെപി നേതാവ്. മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികളാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു. ബൊമ്മയ്യയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാണ്.

പ്രതിഷേധം കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് മംഗളുരൂവില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസത്തേക്ക് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്‌. നാളെ മംഗളൂരുവിലെ എല്ലാം സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് മരിച്ചവരുടെ എ്ണ്ണം മൂന്നായി. മംഗളൂരുവില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേരും ലഖ്‌നൗവിലെ സംഘര്‍ഷത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

ജലീല്‍, നൗസീന്‍ എന്നിവരാണ് മംഗളൂരുവിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണെന്ന് മാത്രമായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രാത്രിയോടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് തന്നെ സ്ഥിരീകരിച്ചു. സംഘര്‍ഷത്തില്‍ 20 പൊലീസുകാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍്ട്ടുകള്‍

വ്യാഴാഴ്ച ഉച്ചയോടെയാണ് മംഗളൂരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. 

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലഖ്‌നൗവില്‍ ഒരാള്‍ മരിച്ചു. പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘര്‍ഷത്തിനിടെ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ലഖ്‌നൗവില്‍ ഉച്ചയോടെയാണ് പ്രതിഷേധം ശക്തിപ്രാപിച്ചത്. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് വാന്‍, ഒ ബി വാന്‍ എന്നിവയുള്‍പ്പടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com