കഞ്ചാവിനും ആഡംബര ജീവിതത്തിനുമായി ക്ഷേത്രത്തിൽ കവർച്ച; കൗമാരക്കാർ ഉൾപ്പെട്ട സംഘം പിടിയില്‍

ശൂരനാട് വീട്ടിനാല്‍ ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ നാല് കൗമാരക്കാർ ഉൾപ്പെട്ട സംഘം പിടിയില്‍
കഞ്ചാവിനും ആഡംബര ജീവിതത്തിനുമായി ക്ഷേത്രത്തിൽ കവർച്ച; കൗമാരക്കാർ ഉൾപ്പെട്ട സംഘം പിടിയില്‍

കൊല്ലം: ശൂരനാട് വീട്ടിനാല്‍ ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ നാല് കൗമാരക്കാർ ഉൾപ്പെട്ട സംഘം പിടിയില്‍. സംഘത്തിലെ പ്രധാന അംഗങ്ങളായ ഭരണിക്കാവ് സ്വദേശി സുഗീഷ് (20), തൊടിയൂര്‍ സ്വദേശി അനുരാജ്, തഴവ വത്സ നിവാസില്‍ ദിനു (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

ആഡംബര ജീവിതത്തിനും കഞ്ചാവ് വാങ്ങുവാനുമാണ് സംഘം മോഷണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത്-  കഴിഞ്ഞ ഡിസംബര്‍ 22ന് പുലർച്ചെ മൂന്നിന് ശൂരനാട് വടക്ക് പാറക്കടവിൽ കാറിലെത്തിയ സംഘമാണ് വീട്ടിനാൽ ദേവീ ക്ഷേത്രത്തില്‍ കവർച്ച നടത്തിയത്. ക്ഷേത്രത്തിലെ കമ്പി വിളക്ക് ഉപയോഗിച്ചു ശ്രീകോവിലിനു മുന്നിലുള്ള പ്രധാന കാണിക്ക വഞ്ചി കുത്തിത്തുറന്ന് 20,000ത്തോളം രൂപ കവർന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ശ്രീജിത്ത് അസ്വാഭാവികമായി ഒരു കാർ പലയിടത്തും കറങ്ങുന്നതു ശ്രദ്ധയിൽ പെട്ടതിനാൽ കാറിന്‍റെ നമ്പർ കുറിച്ചെടുത്തിരുന്നു. 

രാവിലെ മോഷണ വിവരം അറിഞ്ഞ ശേഷം ക്ഷേത്രത്തിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളുടെ ചിത്രങ്ങളും അവർ സഞ്ചരിച്ച കാറിനെപ്പറ്റിയും വിവരങ്ങൾ ലഭിച്ചു. കാണിക്ക വഞ്ചിയിൽ നിന്ന് വിരലടയാളങ്ങളും കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ നെടുവത്തൂർ സ്വദേശിയുടെതാണെന്നും ഈ  കാർ വാടകയ്ക്കെടുത്തായിരുന്നു പ്രതികൾ എത്തിയതെന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു. സംഘത്തലവനായ സുഗീഷിന്റെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തു. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഞ്ചാവ് വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് കൗമാരക്കാരായ പ്രതികൾ മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വാടകയ്ക്ക് എടുക്കുന്ന കാറിൽ രാത്രിയിൽ കറങ്ങി സ്ഥലം കണ്ടുവച്ച ശേഷം അടുത്ത ദിവസം രാത്രിയിലാണ് കവർച്ച നടത്തുന്നത്. പകൽ സമയങ്ങളിൽ വീട്ടിൽ തന്നെ വിശ്രമിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com