'പൗരത്വ നിയമഭേദഗതി പിന്‍വലിക്കണം' ;  പ്രമേയം കേരള നിയമസഭ പാസ്സാക്കി; എതിര്‍ത്തത് ഒ രാജഗോപാല്‍ മാത്രം

ആഭ്യന്തര ശത്രുക്കള്‍ ആരാണെന്ന് ഭരണത്തിന് നേതൃത്വം കൊടുത്തിട്ടുള്ളവര്‍ തീരുമാനിച്ചുവെച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
'പൗരത്വ നിയമഭേദഗതി പിന്‍വലിക്കണം' ;  പ്രമേയം കേരള നിയമസഭ പാസ്സാക്കി; എതിര്‍ത്തത് ഒ രാജഗോപാല്‍ മാത്രം

തിരുവനന്തപുരം : പൗരത്വ നിയഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. അദ്ദേഹത്തിന്റെ വിയോജിപ്പോടെയാണ് പ്രമേയം പാസ്സായത്. രാജ്യത്ത് കേരളം മാത്രമാണ് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നത്. പ്രമേയം പാസ്സായതായി പ്രഖ്യാപിച്ചതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ബിജെപിക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പൗരത്വ നിയമഭേദഗതി ഒറ്റപ്പെട്ട നിയമമല്ല, കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗത്തിന് എതിരായ വിവേചനപരമായ തീരുമാനമാണ്. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികളെല്ലാം ഈ ലക്ഷ്യം വെച്ചാണെന്ന് കാണാം. പ്രത്യേക വിഭാഗത്തിനെതിരായ നീക്കങ്ങളാണ് അതെല്ലാം.

ആഭ്യന്തര ശത്രുക്കള്‍ ആരാണെന്ന് ഭരണത്തിന് നേതൃത്വം കൊടുത്തിട്ടുള്ളവര്‍ തീരുമാനിച്ചുവെച്ചിട്ടുണ്ട്. ആര്‍എസ്എസും സംഘപരിവാറും. അതനുസരിച്ചുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാ സമുദായത്തിലുമുണ്ട്. അത് സിവില്‍ നിയമവുമായി ബന്ധപ്പെട്ട വിഷയമാണ്. മുസ്ലിങ്ങളുടെ മുത്തലാഖുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് ക്രിമിനല്‍ കേസായി. ഇതും അജണ്ടയുടെ ഭാഗമാണ്.

ആര്‍എസ്എസിന്റെ അജണ്ടകളെ ഒന്നിച്ച് എതിര്‍ത്തില്ലെങ്കില്‍ ഇത്തരം അജണ്ടകള്‍ ഒന്നൊന്നായി കൊണ്ടുവരും. ആര്‍എസ്എസ് അംഗീകരിച്ചത് ഹിറ്റ്‌ലറിന്റെ ആശയമാണ്. ആര്‍എസ്എസിന്റെ നയം അംഗീകരിച്ചാണ് ഓരോ നടപടികളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ മറ്റു രാഷ്ട്രീയപാര്‍ട്ടികളെപ്പോലെയല്ല ബിജെപി. മാപ്പെഴുതി രക്ഷപ്പെട്ടവര്‍ക്ക് ദേശീയ പ്രസ്ഥാനത്തിന്റെ വില അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രമേയത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതത്‌ലയും പിന്തുണച്ചു. പൗരത്വ ഭേദഗതി ബില്ലിനെ അറബിക്കടലില്‍ തള്ളണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യം തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com