മഞ്ജുവിന്റെ തുണയ്ക്ക് മന്ത്രി ബാലനെത്തി ; നടിയുടെ വീട്ടുപടിക്കലെ സമരം മാറ്റിവെച്ചു

താന്‍ ആദിവാസികളെ വഞ്ചിച്ചിട്ടില്ലെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് നടി വിശദീകരിച്ചത്
മഞ്ജുവിന്റെ തുണയ്ക്ക് മന്ത്രി ബാലനെത്തി ; നടിയുടെ വീട്ടുപടിക്കലെ സമരം മാറ്റിവെച്ചു

കല്‍പ്പറ്റ: വീടുവച്ചുനല്‍കാമെന്ന വാഗ്‌ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് നടി മഞ്‌ജുവാര്യരുടെ വീട്ടുപടിക്കല്‍ ആദിവാസികൾ ഈ മാസം 19ന്‌ നടത്താനിരുന്ന സമരം മാറ്റിവച്ചു. മന്ത്രി എ.കെ. ബാലന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സമരം മാറ്റിവച്ചത്‌.  1.88 കോടി രൂപ ചെലവില്‍ വീടും മറ്റു സൗകര്യങ്ങളും ഒരുക്കുമെന്ന വാഗ്‌ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ സമരത്തിനൊരുങ്ങിയത്‌. 

മന്ത്രി ബാലന്‍ കല്‍പ്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രനുമായി ഫോണില്‍ ചര്‍ച്ച നടത്തി സമരം പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന്‌ മന്ത്രി അറിയിച്ചതായാണ്‌ വിവരം ലഭിച്ചത്. വാഗ്‌ദാനം നടപ്പാക്കിയില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്ന് സിപിഎം. നേതാവും പനമരം പഞ്ചായത്ത്‌ അംഗവുമായ എം എ ചാക്കോ അറിയിച്ചു. 

വയനാട്‌ പനമരം പഞ്ചായത്തിലെ കൈതക്കല്‍ പരപ്പില്‍, പരക്കുനി ഭാഗത്തെ 57 പണിയ കുടുംബങ്ങള്‍ക്ക്‌ വീടും മറ്റ്‌ അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ 2017 ജനുവരി 20നാണ്‌ മഞ്‌ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട്‌ ജില്ലാ കലക്‌ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ്‌ മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത്‌ നല്‍കിയത്‌. മഞ്‌ജുവാര്യര്‍ സഹായം വാഗ്‌ദാനം ചെയ്‌തതിനാല്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ പ്രളയദുരിതാശ്വാസമടക്കമുള്ള ഫണ്ടുകള്‍ തങ്ങള്‍ക്ക്‌ നഷ്‌ടമായതായാണ്‌ ആദിവാസി കുടുംബങ്ങളുടെ പരാതി. 

കേസില്‍ മൂന്നാമത്തെ സിറ്റിങ്‌ നാളെ നടക്കും. ആദിവാസി കുടുംബങ്ങളോട്‌ സിറ്റിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സിറ്റിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ മഞ്‌ജുവാര്യര്‍ക്ക്‌ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. അതിനിടെ മഞ്‌ജുവാര്യര്‍ വനിതാ മതിലില്‍ നിന്നു പിന്‍മാറിയതിന്റെ വാശി തീര്‍ക്കാന്‍ സിപിഎം നടത്തുന്ന നീക്കമാണെന്ന ആരോപണവുമായി ചില പ്രാദേശിക യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്‌. 

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു എന്ന ആരോപണത്തില്‍ മറുപടിയുമായി നടി മഞ്ജു വാര്യര്‍ ഇന്നലെ രം​ഗത്തെത്തിയിരുന്നു. താന്‍ ആദിവാസികളെ വഞ്ചിച്ചിട്ടില്ലെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് നടി വിശദീകരിച്ചത്. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. പക്ഷെ തനിക്ക് മാത്രം ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com