കൊമ്പുകള്‍ തടസമാകില്ല, ഇനി ജയരാജിന് തുമ്പികൈ ഉയര്‍ത്താം; ജീവിതം ദുരിതമാക്കിയ ആ കൊമ്പുകള്‍ മുറിച്ചു

തുമ്പി കൈയിന് മുന്നിലൂടെ കൊമ്പ് വളര്‍ന്നു നീണ്ടതോടെയാണ് ജയരാജിന്റെ ദുരിതം ആരംഭിക്കുന്നത്
കൊമ്പുകള്‍ തടസമാകില്ല, ഇനി ജയരാജിന് തുമ്പികൈ ഉയര്‍ത്താം; ജീവിതം ദുരിതമാക്കിയ ആ കൊമ്പുകള്‍ മുറിച്ചു

തിരുവല്ല: ഇനി ജയരാജിന് സുഖമായി തന്റെ തുമ്പികൈ ഉയര്‍ത്താം. ഭക്ഷണം സുഖമായി തുമ്പിക്കയ്യില്‍ എടുത്ത് വായില്‍ വെക്കാം. നീണ്ടു വളര്‍ന്ന കൊമ്പ് മുറിച്ചു മാറ്റിയതോടെയാണ് വര്‍ഷങ്ങളായുള്ള ദുരിതത്തില്‍ നിന്നാണ് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ആന ജയരാജ് രക്ഷപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജയരാജിന്റെ കൊമ്പ് മുറിച്ചത്. 

തുമ്പി കൈയിന് മുന്നിലൂടെ കൊമ്പ് വളര്‍ന്നു നീണ്ടതോടെയാണ് ജയരാജിന്റെ ദുരിതം ആരംഭിക്കുന്നത്. 22 വയസുകാരനായ ആനയ്ക്ക് ഇതോടെ തുമ്പിക്കൈ ഉയര്‍ത്താനാകാത്ത അവസ്ഥയായി. ഭക്ഷണം കഴിയ്ക്കാന്‍ പോലും ആന വളരെ അധികം ബുദ്ധിമുട്ടി.  കൊമ്പുകളില്‍ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദനയും സഹിച്ചായിരുന്നു ജയരാജിന്റെ ജീവിതം.

ആനയുടെ ദുരിത ജീവിതം കണ്ട ആനപ്രേമികളാണ് ഇത് ദേവസ്വം ബോര്‍ഡിനെ അറിയിക്കുന്നത്. തുടര്‍ന്നാണ് കൊമ്പുമുറിക്കാന്‍ തീരുമാനിച്ചത്. വലത്തേ കൊമ്പ് ഒരടിയോളം നീളത്തില്‍ ആദ്യം മുറിച്ചുനീക്കി. രക്തം വരുന്നില്ലായെന്ന് ഉറപ്പുവരുത്തിയശേഷം വാളുകൊണ്ടും പിന്നീട് ഉളികൊണ്ടും ചെത്തിമിനുക്കല്‍. രണ്ട് മണിക്കൂറോളം എടുത്താണ് കൊമ്പ് നീക്കം ചെയ്തത്. വര്‍ഷങ്ങളായുള്ള തടവില്‍ നിന്ന് ആന മോചിതനായതിന്റെ സന്തോഷത്തിലാണ് ആനപ്രേമികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com