കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം പ്രായോഗികമല്ല; ജോസഫിനെ തള്ളി യുഡിഎഫ് കണ്‍വീനര്‍

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം പ്രായോഗികമല്ല; ജോസഫിനെ തള്ളി യുഡിഎഫ് കണ്‍വീനര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന പിജെ ജോസഫിന്റെ ആവശ്യം തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന പിജെ ജോസഫിന്റെ ആവശ്യം തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ജോസഫിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സീറ്റ് നല്‍കാനാവില്ലെന്ന് കേരള കോണ്‍ഗ്രസിനെ അറിയിക്കും.

പിജെ ജോസഫ് മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. കേരള കോണ്‍ഗ്രസിന്റെ തീരുമാനം യുഡിഎഫ് അംഗീകരിക്കും. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ സീറ്റ് വിഭജന കാര്യം തീരുമാനമാകും എന്നും അദ്ദേഹം പറഞ്ഞു. സീറ്റ് സംബന്ധിച്ച് മുസ്‌ലിം ലീഗ് എടുത്തിരിക്കുന്ന സമീപനം പോസിറ്റിവാണ്. ആ നിലപാടിലേക്ക് കേരള കോണ്‍ഗ്രസും എത്തുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

കോട്ടയം സീറ്റിന് പുറമേ മറ്റൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം വന്നിരിക്കുന്നത്. കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ പാര്‍ട്ടിക്ക് നല്‍കണമെന്നാണ് പിജെ ജോസഫിന്റെ ആവശ്യം. മാണി വിഭാഗത്തിന് മാത്രം സീറ്റ് നല്‍കുന്നതില്‍ ജോസഫ് അതൃപ്തി അറിയിച്ചിട്ടുണ്ട്. 

രണ്ട് സീറ്റ് എന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. നാളെ യുഡിഎഫ് സീറ്റു ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും. കേരള കോണ്‍ഗ്രസിന് എന്നും രണ്ട് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇരു മുന്നണികളായി നിന്നപ്പോഴും ഒരുമിച്ചു നിന്നപ്പോഴും രണ്ട് സീറ്റു കിട്ടിയിട്ടുണ്ട്, ചില ഘട്ടങ്ങളില്‍ മൂന്ന് സീറ്റു ലഭിച്ചിട്ടുണ്ടെന്നും പിജെ ജോസഫ് ചൂണ്ടിക്കാട്ടി.

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ നേരത്തെ പാര്‍ട്ടി ജയിച്ച സീറ്റുകളാണ്. അധിക സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ആരാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി പിജെ ജോസഫ് വ്യക്തമാക്കി. ലോക്‌സഭയില്‍ ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്. 1991ല്‍ ഒരു ശ്രമം നടത്തിയതാണ്. രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്നുള്ള തരംഗത്തില്‍ അതു നടന്നില്ല ജോസഫ് പറഞ്ഞു. 

ഏതു സീറ്റില്‍ മത്സരിച്ചാലും ജയിക്കുമെന്നാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. ഇരുപത് സീറ്റും യുഡിഎഫ് ജയിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് പിജെ ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com