രാത്രി കൊടുംതണുപ്പ്, പകല്‍ അസഹനീയമായ ചൂട്, രോഗസാധ്യത; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ 

പകല്‍ സമയത്തെ ഉയര്‍ന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
രാത്രി കൊടുംതണുപ്പ്, പകല്‍ അസഹനീയമായ ചൂട്, രോഗസാധ്യത; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ 

കൊച്ചി: പകല്‍ സമയത്തെ ഉയര്‍ന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നുദിവസമായി രാത്രിയിലും പുലര്‍ച്ചെയും സംസ്ഥാനത്ത് തണുപ്പുളള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പകല്‍ സമയത്ത് അസഹനീയമായ ചൂടാണ്. ഈ പശ്ചാത്തലത്തില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

വേനലിലെപ്പോലെ പകല്‍സമയത്ത് 11 മുതല്‍ 3 വരെയുള്ള സമയത്ത് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം.നേത്രരോഗങ്ങള്‍, മഞ്ഞപ്പിത്തം, വൈറല്‍പനി, ടൈഫോയ്ഡ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുണ്ടാകുന്ന നിര്‍ജലീകരണം, മൂത്രത്തിലെ അണുബാധ, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങള്‍ പടരാനുള്ള സാധ്യതയാണ് ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും വകുപ്പ് നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉച്ചസമയത്തെ വെയിലേറ്റു കളിക്കുന്നത് ഒഴിവാക്കണം. 

ദിവസവും കുറഞ്ഞത് 3 ലീറ്റര്‍ വെള്ളം കുടിച്ചു എന്നുറപ്പു വരുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കൂടുതല്‍ അളവ് വെള്ളം ഒന്നോ രണ്ടോ തവണയായി കുടിക്കുന്നതിനു പകരം ചെറിയ അളവുകള്‍ ഇടയ്ക്കിടെ കുടിക്കുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തണുപ്പിച്ച വെള്ളവും ശീതളപാനീയങ്ങളും കണിശമായി ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെയിലത്തു കുട ഉപയോഗിക്കുന്നതു ശീലമാക്കുക. അസഹനീയമായ ചൂട് ഉള്ളപ്പോള്‍ കാല്‍നടയാത്ര ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com