അമ്മയുടെ ചികിത്സയ്‌ക്കെന്ന് തെറ്റിദ്ധരിപ്പിച്ചു, പ്രതിശ്രുത വധുവിന്റെ കുടുംബത്തെ പറ്റിച്ച് ആറുലക്ഷത്തോളം രൂപ തട്ടി; യുവാവ് അറസ്റ്റില്‍

വിവാഹം ഉറപ്പിച്ചശേഷം പ്രതിശ്രുത വധുവിന്റെ കുടുംബത്തില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
അമ്മയുടെ ചികിത്സയ്‌ക്കെന്ന് തെറ്റിദ്ധരിപ്പിച്ചു, പ്രതിശ്രുത വധുവിന്റെ കുടുംബത്തെ പറ്റിച്ച് ആറുലക്ഷത്തോളം രൂപ തട്ടി; യുവാവ് അറസ്റ്റില്‍

കൊല്ലം: വിവാഹം ഉറപ്പിച്ചശേഷം പ്രതിശ്രുത വധുവിന്റെ കുടുംബത്തില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മുണ്ടയ്ക്കല്‍ ടി.ആര്‍.എ 94 ശ്രീവിലാസത്തില്‍ സുജിത്തിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എം.ടെക് സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍ എന്ന നിലയില്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയാണ് തിരുവനന്തപുരം മേനംകുളം സ്വദേശിയായ യുവതിയുമായി സുജിത്ത് വിവാഹം ഉറപ്പിച്ചത്.

കഴിഞ്ഞവര്‍ഷം ജനുവരി 23ന് കഠിനംകുളത്തുവച്ചായിരുന്നു വിവാഹനിശ്ചയം. വിവാഹത്തീയതി അന്ന് നിശ്ചയിച്ചിരുന്നില്ല. ഒന്നരപവന്റെ ബ്രെയ്‌സ്‌ലെറ്റ് യുവതി സുജിത്തിനെ അണിയിച്ചിരുന്നു. ഒക്ടോബര്‍ 23ന് തൃശൂര്‍ കളക്ടറേറ്റില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ലഭിച്ചെന്ന് സുജിത്ത് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.നിയമന ഉത്തരവ് വാട്ട്‌സ് ആപ്പ് സന്ദേശമായി അയച്ചു. അതിനുശേഷമാണ് അമ്മയുടെ ചികിത്സയ്‌ക്കെന്ന പേരില്‍ പണം വാങ്ങാന്‍ തുടങ്ങിയത്. അഞ്ച് തവണകളായി 5.99 ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് വാങ്ങി. താത്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് വാങ്ങിയ ടാബും തിരികെ നല്‍കിയില്ല. 

യുവതിയുടെ വീട്ടുകാര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ സുജിത്തിന് ജോലി ലഭിച്ചിട്ടില്ലെന്നും നിയമന ഉത്തരവ് വ്യാജമാണെന്നും മനസിലായി. ഇതോടെ വിവാഹത്തിന് താത്പര്യമില്ലെന്നും സ്വര്‍ണവും പണവും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാതെ പലതവണ ഒഴിഞ്ഞുമാറിയതോടെയാണ് യുവതിയുടെ അമ്മ കഴിഞ്ഞദിവസം കൊല്ലം ഈസ്റ്റ് പൊലീസില്‍ സുജിത്തിനെതിരെ പരാതി നല്‍കിയത്. വഞ്ചന, കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വ്യാജ രേഖ ചമയ്ക്കല്‍, വിവിധ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ ഒരാളെ പിന്തുടര്‍ന്ന് നിരന്തരമായി ശല്യപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ കുടുംബത്തിന് തട്ടിപ്പില്‍ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യമായതെന്ന് പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ എം.ടെക് ബിരുദം വ്യാജമാണോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com