ഓട്ടോ കാത്തുനിന്ന റിട്ടയേഡ് അധ്യാപകനെ എസ്‌ഐ ലാത്തികൊണ്ട് അടിച്ചു; അരക്കെട്ട് പൊട്ടി; പരാതി

കിളിമാനൂര്‍ എസ്‌ഐ ബി.കെ. അരുണിനെതിരെയാണ്‌ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്
ഓട്ടോ കാത്തുനിന്ന റിട്ടയേഡ് അധ്യാപകനെ എസ്‌ഐ ലാത്തികൊണ്ട് അടിച്ചു; അരക്കെട്ട് പൊട്ടി; പരാതി

കിളിമാനൂര്‍; വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന റിട്ടയേഡ് പ്രഥമാധ്യാപകനെ എസ്‌ഐ മര്‍ദിച്ചതായി പരാതി. കിളിമാനൂര്‍ ചൂട്ടയില്‍ ഇളയിടത്ത് വീട്ടില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ വിജയകുമാറാണ് (67) പരാതിയുമായി രംഗത്തെത്തിയത്. രാത്രി വാഹനം കാത്തു നില്‍ക്കുമ്പോള്‍ തന്നെ അകാരണമായി ലാത്തികൊണ്ട് മര്‍ദിച്ചുവെന്നും തുടര്‍ന്ന് അരക്കെട്ടിന്റെ പിന്‍ഭാഗം പൊട്ടിയെന്നുമാണ് വിജയകുമാര്‍ പറയുന്നത്. കിളിമാനൂര്‍ എസ്‌ഐ ബി.കെ. അരുണിനെതിരെയാണ്‌ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ജൂണ്‍ 28ന് രാത്രി ഒമ്പതിനാണ് സംഭവമുണ്ടാകുന്നത്. കിളിമാനൂര്‍ ടൗണില്‍ പോയശേഷം മുക്ക്‌റോഡ് കവലയില്‍ ഓട്ടോക്കായി കാത്തുനില്‍ക്കുകയായിരുന്നു വിജയകുമാര്‍. ഈ സമയം ജീപ്പിലെത്തിയ എസ്.ഐ അരുണ്‍, ഒരു പ്രകോപനവുമില്ലാതെ ഇരുവശവും പിത്തള പൊതിഞ്ഞ ലാത്തി ഉപയോഗിച്ച് അരക്കെട്ടിന്റെ പിന്‍ഭാഗത്ത് രണ്ട് വട്ടം അടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറി പോകുകയും ചെയ്തു. അടിയേറ്റ രണ്ട് ഭാഗവും പൊട്ടി ചോര ഒലിച്ചു.

വേദന കൊണ്ട് നിലവിളിച്ച വിജയകുമാര്‍ പിന്നീട് ഓട്ടോയില്‍ വീട്ടിലേക്ക് പോയി. രണ്ട് ദിവസം യാത്ര ചെയ്യാനാകാതെ വീട്ടില്‍ കിടന്നശേഷം ജൂലൈ ഒന്നിനാണ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യലഹരിയിലായിരുന്ന വിജയകുമാറിനെ ഓട്ടോയില്‍ കയറ്റിവിട്ടത് താനാണെന്നുമാണ് എസ്‌ഐയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com