മോദിയുടെ 15 ലക്ഷം വന്നു!; മൂന്നാർ തപാൽ ഓഫീസ് ഹൈടെക്കായി, വസ്തുത ഇങ്ങനെ 

അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാറി​ന്റെ ധനസഹായമെത്തുമെന്ന വ്യാജ പ്രചാരണം വിശ്വസിച്ച് മൂന്നാർ തപാൽ ഓഫീസിലേക്ക് ആയിരക്കണക്കിന് തൊഴിലാളികൾ ഒഴുകിയെത്തി
മോദിയുടെ 15 ലക്ഷം വന്നു!; മൂന്നാർ തപാൽ ഓഫീസ് ഹൈടെക്കായി, വസ്തുത ഇങ്ങനെ 

മൂന്നാര്‍: അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാറി​ന്റെ ധനസഹായമെത്തുമെന്ന വ്യാജ പ്രചാരണം വിശ്വസിച്ച് മൂന്നാർ തപാൽ ഓഫീസിലേക്ക് ആയിരക്കണക്കിന് തൊഴിലാളികൾ ഒഴുകിയെത്തി. തപാൽ ഓഫീസിൽ അക്കൗണ്ട്​ എടുത്താൽ മാത്രം മതിയെന്നായിരുന്നു മൊബൈൽവഴി പ്രചരിച്ച സന്ദേശം. കേട്ടറിഞ്ഞ്​ ജോലിയിൽനിന്ന്​ അവധിയെടുത്ത്​ പോസ്​റ്റ്​ ഓഫീസിന് മുന്നിൽ ക്യൂനിന്ന ആയിരങ്ങൾ പണമടച്ച്​ അക്കൗണ്ട്​ എടുത്തതോടെ നേട്ടമായത്​ തപാൽ ഓഫീസിന് മാത്രം. 

1000  അക്കൗണ്ടുള്ള പോസ്​റ്റ്​ ഓഫീസുകൾ ഹൈടെക് ആക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, മൂന്നാറില്‍ ഇത്​ സാധ്യമായില്ല. ഹൈടെക് ആക്കുന്നതി​ന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രവും. ഇതോടെ ചിലർ നടത്തിയ പ്രചാരണമാണ് അവധിയെടുത്ത് തൊഴിലാളികളെ തപാൽ ഓഫീസിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. 

പോസ്​റ്റ്​ ഓഫീസിന്റെ ദൈനംദിന ഇടപാടുകൾ ഇക്കാരണത്താൽ മുടങ്ങുമെന്ന ഘട്ടത്തിൽ വ്യാജപ്രചാരണമാണെന്ന് ഉദ്യോഗസ്ഥരടക്കം അറിയിക്കുകയും ഒടുവിൽ ഇത്തരത്തിൽ ബോർഡ്​ തൂക്കുകയും ചെയ്​തിട്ടും ഫലമുണ്ടായില്ല. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക്​ മോദിയുടെ പേരില്‍ 50,000  മുതൽ ഒരു ലക്ഷം രൂപവരെ  എത്തുമെന്ന്​ വാര്‍ത്ത പരന്നതോടെ മൂന്നുദിവസമായി തൊഴിലാളികളുടെ നീണ്ടനിരയാണ് മൂന്നാര്‍ പോസ്​റ്റ്​ ഓഫീസിന് മുന്നിൽ രൂപപ്പെട്ടത്.

അതിരാവിലെ പോസ്​റ്റ്​ ഓഫീസിൽ എത്തിയവരും കുറവല്ല. തിരക്ക് നിയന്ത്രണാതീതമായതോടെ പോസ്​റ്റ്​ ഓഫീസിലേക്ക്​ പൊലീസിനും ഇടപെടേണ്ടി വന്നു. ഞായറാഴ്ചപോലും തുറന്ന് പ്രവര്‍ത്തിക്കേണ്ടി വന്നു. രാത്രി എട്ടുമണിയായിട്ടും തിരക്ക് കുറയാതെ വന്നതോടെ പൊലീസ് വന്നവര്‍ക്ക് ടോക്കണ്‍ നല്‍കുകയായിരുന്നു.  ഉദ്യോഗസ്ഥരും പൊലീസുകാരും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. 

സമാനമായ അവസ്ഥയാണ് ദേവികുളം റവന്യൂ ഡിവിഷനല്‍ ഓഫീസിലുമുണ്ടായത്​. സൗജന്യമായി സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നു എന്ന്​ പ്രചാരണം വന്നതോടെ നിരവധി തൊഴിലാളികളാണ് ദേവികുളം ആര്‍ ഡി ഒ ഓഫീസിലെത്തിയത്. വ്യാജവാര്‍ത്തകള്‍ എവിടെ നിന്ന് രൂപപ്പെട്ടുവെന്ന് അറിവില്ലെന്നും എന്നാല്‍, ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ദേവികുളം സബ് കലക്ടര്‍ രേണുരാജ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com