50 കിലോ സ്വര്‍ണ്ണം കടത്തിയെന്ന് സെറീന ; പ്രതിഫലം 2000 ദിര്‍ഹം ; അഭിഭാഷകനും ഭാര്യയും പലതവണ സ്വര്‍ണ്ണം കടത്തിയെന്നും മൊഴി

സ്വര്‍ണ്ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത് വിഷ്ണു എന്നയാളാണ്. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ദുബായില്‍ വെച്ച് തനിക്ക് സ്വര്‍ണ്ണം കൈമാറിയത്
50 കിലോ സ്വര്‍ണ്ണം കടത്തിയെന്ന് സെറീന ; പ്രതിഫലം 2000 ദിര്‍ഹം ; അഭിഭാഷകനും ഭാര്യയും പലതവണ സ്വര്‍ണ്ണം കടത്തിയെന്നും മൊഴി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണായക മൊഴി പുറത്ത്. സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ രീതികള്‍ വെളിപ്പെടുത്തുന്നതാണ് പിടിയിലായ സെറീന ഷാജിയുടെ മൊഴി. പലപ്പോഴായി 50 കിലോ സ്വര്‍ണം കടത്തിയെന്ന് ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സെറീന മൊഴി നല്‍കി. ഒരു തവണ സ്വര്‍ണം കടത്തുന്നതിന് 2,000 ദിര്‍ഹം പ്രതിഫലം ലഭിച്ചു. വിമാനടിക്കറ്റും എടുത്തുനല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തിന് എസ്‌കോര്‍ട്ടായാണ് പോയതെന്നും സെറീന മൊഴി നല്‍കിയിട്ടുണ്ട്. 

സ്വര്‍ണ്ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത് വിഷ്ണു എന്നയാളാണ്. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ദുബായില്‍ വെച്ച് തനിക്ക് സ്വര്‍ണ്ണം കൈമാറിയത്. സ്വര്‍ണ്ണം കടത്തിക്കൊണ്ടു വരുന്നത് മറ്റൊരാളായിരിക്കും.  അയാള്‍ക്കൊപ്പം സെറീന യാത്ര ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എക്‌സ്‌റേ പരിശോധന കഴിയുമ്പോള്‍ ബാഗുമായി പുറത്തേക്ക് പോകുന്നത് സെറീനയാണ്. ബാഗുമായി നേരെ കഴക്കൂട്ടത്തെ വീട്ടിലേക്കാണ് പോയിരുന്നതെന്നും സെറീന മൊഴി നല്‍കി. 

25 കിലോ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോകുമ്പോള്‍ സുനില്‍കുമാര്‍ എന്നയാളാണ് തനിക്കൊപ്പം വന്നത്. അഭിഭാഷകനായ ബിജുവും ഭാര്യ വിനീതയും പലതവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും സെറീന പൊലീസിനോട് പറഞ്ഞു. 25 കിലോ സ്വര്‍ണ്ണവുമായി തിരുവനന്തപുരത്ത് പിടിയിലാകുന്ന ദിവസം, സ്വര്‍ണ്ണക്കടത്ത് നിര്‍ത്തുകയാണ്. അതിനാലാണ് ഇത്രയധികം സ്വര്‍ണ്ണം കടത്തുന്നതെന്ന് ജിത്തു പറഞ്ഞതായി സെറീന മൊഴിയില്‍ വ്യക്തമാക്കുന്നു. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടാണ് സഹായം ചെയ്തിരുന്നത്. ഇക്കാര്യം ജിത്തു സൂചിപ്പിച്ചിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുവരുന്ന ദിവസം സൂപ്രണ്ടാണ് എക്‌സ്‌റേ മെഷീന് സമീപം നിന്നിരുന്നതെന്നും സെറീന വെളിപ്പെടുത്തി. കള്ളക്കടത്തുകേസില്‍ സൂപ്രണ്ടിനെ ഡിആര്‍ഐ നേരത്തെ പിടികൂടിയിരുന്നു. 

2018 നവംബറിലാണ് അഭിഭാഷകനായ ബിജുവിനെയും ഭാര്യ വിനീതയെയും പരിചയപ്പെടുന്നത്. പ്രതിഫലം പറഞ്ഞുറപ്പിച്ചിരുന്നത് അഭിഭാഷകനായ ബിജുവിന്റെ അടുപ്പക്കാരനാണെന്നും സെറീന മൊഴി നല്‍കി. സ്വര്‍ണ്ണക്കടത്ത് തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. മുഹമ്മദലിയും ഷോറൂം മാനേജര്‍ ഹക്കീമും ഒളിലിവിലാണ്. അതിനിടെ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മനോഹരന്‍ ഇന്നലെ കൊച്ചി ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ വിനീത നേരത്തെ പിടിയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com