പ്രളയാനന്തര പുനര്‍ നിര്‍മാണം; കേരളത്തിന് 1750 കോടി രൂപയുടെ ലോകബാങ്ക് സഹായം

ഹാപ്രളയം നാശംവിതച്ച കേരളത്തിന്റെ പുനർ നിർമാണത്തിന് ലോകബാങ്കിന്റെ വായ്പ
പ്രളയാനന്തര പുനര്‍ നിര്‍മാണം; കേരളത്തിന് 1750 കോടി രൂപയുടെ ലോകബാങ്ക് സഹായം

ന്യൂഡൽഹി: മഹാപ്രളയം നാശംവിതച്ച കേരളത്തിന്റെ പുനർ നിർമാണത്തിന് ലോകബാങ്കിന്റെ വായ്പ. പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ 25 കോടി (1750 കോടി രൂപ) ഡോളറിന്റെ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്. വായ്പാ കരാറില്‍ കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഡല്‍ഹിയില്‍ വച്ച് ഒപ്പുവെച്ചു.  

2018ല്‍ ഉണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. മുപ്പത് വർഷത്തേക്കാണ് വായ്പ അനുവദിച്ചത്. 1200 കോടിക്ക് 1.5 ശതമാനം പലിശയും 550 കോടിക്ക് അഞ്ച് ശതമാനവുമാണ് പലിശയായി ഈടാക്കുക.

ജല വിതരണം, ജല സേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. നദീതട വികസനം, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സുസ്ഥിര കാര്‍ഷിക വികസനം, കാര്‍ഷിക പദ്ധതികളുടെ സഹായം, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളാണ് സാമ്പത്തിക സഹായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗം കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം  അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പു വച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് കരാറില്‍ ഒപ്പുവെച്ചത്. ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദാണ് ഈ ത്രികക്ഷി കരാറില്‍ ഒപ്പു വച്ചിരിക്കുന്നത്. 

വിവിധ പദ്ധതികളിലായി ലോകബാങ്ക് സഹായം കേരളത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യാസമായി വലിയൊരു തുകയാണ് കേരളത്തിന് ലഭിക്കുക. റീബില്‍ഡ് കേരള പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ലോക ബാങ്കിന്റെ സാമ്പത്തിക സഹായം.

പ്രളയത്തിൽ 31,000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താൽ നഷ്ടം കൂടും. അടിയന്തര സഹായമായ 10,000 രൂപ 6.9 ലക്ഷം കുടുംബങ്ങൾക്ക് നൽകി. പൂർണമായി തകർന്ന 15,324 വീടുകളിൽ 5422 വീടുകൾ പൂർത്തിയായി. സ്വന്തമായി വീട് നിർമ്മിക്കുന്ന 10,426 പേരിൽ 9,967 പേർക്ക് സഹായം നൽകി. പൂർണമായി തകർന്ന കേസുകളിൽ 34,768 അപ്പീലുകളിൽ 34,275 ഉം ഭാഗികമായി തകർന്ന 2,54,260 കേസുകളിൽ 2,40,738 കേസുകളും തീർപ്പാക്കി. 1,02,479 അപ്പീൽ കേസുകളിൽ 1,01,878 കേസുകളും തീർപ്പാക്കി. 3,54,810 കർഷകർക്ക് 1,651 കോടി രൂപ വിതരണം ചെയ്തു. 

ദുരിതാശ്വാസ നിധിയിലെ തുകയും ലോക ബാങ്ക് വായ്പയും ഉപയോഗിച്ച് ആലപ്പുഴ- ചങ്ങനാശ്ശേരി എലിവേ​റ്റഡ് ഹൈവേ, ശംഖുമുഖം എയർപോർട്ട് റോഡ്, മത്സ്യത്തൊഴിലാളി ഭവനങ്ങൾ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com