കോട്ടയത്ത് സിന്ധുമോള്‍ ജേക്കബിന് വേണ്ടി വാദിച്ച് വി എന്‍ വാസവന്‍

ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായ ഡോ. സിന്ധുമോള്‍ ജേക്കബിന് വേണ്ടി വാദിച്ചു
കോട്ടയത്ത് സിന്ധുമോള്‍ ജേക്കബിന് വേണ്ടി വാദിച്ച് വി എന്‍ വാസവന്‍

കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ വാദപ്രതിവാദം. ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായ ഡോ. സിന്ധുമോള്‍ ജേക്കബിന് വേണ്ടി വാദിച്ചു. പുതുമുഖവും ക്രിസ്ത്യന്‍ വിഭാഗക്കാരിയുമായിരിക്കും കോട്ടയത്ത് ഉചിതമാകുക എന്നായിരുന്നു വാസവന്റെ വാദം. 

കേരള കോണ്‍ഗ്രസിലെ ഭിന്നതയും സിന്ധുമോള്‍ ജേക്കബ് സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ മുതലെടുക്കാനാകുമെന്നും വാസവന്‍ ചൂണ്ടിക്കാണിച്ചു. അതിനിടെ പിണങ്ങി നില്‍ക്കുന്ന എന്‍എസ്എസിനെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് സുരേഷ് കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ചില നേതാക്കള്‍ ഉന്നയിച്ചു. 

എന്നാല്‍ സുരേഷ് കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദേശത്തെയും വാസവന്‍ എതിര്‍ത്തു. സുരേഷ് കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കിയാലും എന്‍എസ്എസ് വോട്ടുകള്‍ കിട്ടില്ലെന്നും, ജയസാധ്യത കുറവാണെന്നും വാസവന്‍ വാദിച്ചു. ഇതോടെ, വാസവന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ജില്ലാ കമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നു. 

എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്‌നമുണ്ട്, അതിനാല്‍ മല്‍സരിക്കാനില്ലെന്നും, സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും വാസവന്‍ വീണ്ടും നിര്‍ദേശിച്ചു. അതേസമയം സിപിഎം കോട്ടയം ലോക്‌സഭാ മണ്ഡലം കമ്മിറ്റി വാസവന്റെ പേരാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com