കണക്കില്ലാതെ ചെലവാക്കിയാൽ വിവരമറിയും; കൂടിയാൽ ഫലം തന്നെ അസാധുവാക്കും; നിരീക്ഷിക്കാൻ അഞ്ച് സ്ക്വാഡുകൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൈയും കണക്കുമില്ലാതെ പണം വാരിയെറിയുന്ന സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സൂക്ഷിക്കുക
കണക്കില്ലാതെ ചെലവാക്കിയാൽ വിവരമറിയും; കൂടിയാൽ ഫലം തന്നെ അസാധുവാക്കും; നിരീക്ഷിക്കാൻ അഞ്ച് സ്ക്വാഡുകൾ

കാക്കനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൈയും കണക്കുമില്ലാതെ പണം വാരിയെറിയുന്ന സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സൂക്ഷിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചെലവ് നിരീക്ഷണത്തിനായി അഞ്ച് വ്യത്യസ്ത സ്ക്വാഡുകൾ. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 70 ലക്ഷം രൂപയാണ്. ചെലവ് ഇതിലും കൂടിയെന്ന് കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. 

ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് ടീം, വീഡിയോ സർവയലൻസ് ടീം, വീഡിയോ വ്യൂവിങ് ടീം, അക്കൗണ്ടിങ് ടീം എന്നിവയാണ് നിരീക്ഷണത്തിനായി പ്രവർത്തിക്കുക. പെയ്ഡ് വാർത്തകൾ പരിശോധിക്കാൻ മോണിറ്ററിങ് കമ്മിറ്റിയുമുണ്ടാകും. 

അനധികൃതമായി കൊണ്ടുനടക്കുന്ന പണം, മദ്യം, സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടുകെട്ടി ട്രഷറിയിൽ ഏൽപ്പിക്കുകയാണ് ഫ്ലൈയിങ് സ്ക്വാഡിന്റെ ജോലി. ഇതിനായി അവധി ദിവസങ്ങളിലുൾപ്പെടെ 24 മണിക്കൂറും ട്രഷറി പ്രവർത്തിക്കും. രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള തുകയാണ് കണ്ടുകെട്ടുക. അപ്പീൽ സമിതിക്ക് മുന്നിൽ മതിയായ തെളിവുകൾ ഹാജരാക്കിയാൽ ഇവ പിന്നീട് തിരിച്ചു നൽകും. 

നിശ്ചിത സ്ഥലങ്ങളിൽ സ്ഥിരമായി നിന്ന് വാഹന പരിശോധനയും മറ്റും നടത്തുകയാണ് സ്റ്റാറ്റിക്കൽ സർവയലൻസ് ടീമിന്റെ ജോലി. അസ്വാഭാവികമായ എന്തെങ്കിലും കണ്ടെത്തിയാൽ ഫ്ലൈയിങ് സ്ക്വാഡിനെ അറിയിക്കണം. അര മണിക്കൂറിനകം ഫ്ലൈയിങ് സ്ക്വാഡ് സംഭവ സ്ഥലത്തെത്തണം. അവർക്ക് നിശ്ചിത സമയത്തിനകം എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലമാണെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കും. 

തെരഞ്ഞെടുപ്പ് പൊതുയോ​ഗങ്ങൾ വീഡിയോയിൽ പകർത്തുകയാണ് ഇവരുടെ ചുമതല. അവിടെയുള്ള കസേര, മറ്റ് ഉപകരണങ്ങൾ, വരുന്ന വാഹനങ്ങൾ, ആളുകൾ ഒക്കെ വീഡിയോയിൽ പകർത്തണം. വീഡിയോ സർവയലൻസ് ടീം പകർത്തിയ ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇവരുടെ ചുമതല. യോ​ഗങ്ങളിൽ ഉപയോ​ഗിച്ച സാധനങ്ങളുടെ കൃത്യമായ പട്ടിക ഇവർ തയ്യാറാക്കും. 

വീഡിയോ വ്യൂവിങ് ടീം തയ്യാറാക്കിയ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നത് അക്കൗണ്ടിങ് ടീമാണ്. ഓരോ ഇനത്തിനും ചെലവ് കണക്കാക്കുന്ന റേറ്റ് ചാർട്ടുണ്ട്. ഉദാഹരണത്തിന് ഒരു പൊതുയോ​ഗത്തിൽ ഉപയോ​ഗിക്കുന്ന ഒരു കസേരയ്ക്ക് നാല് രൂപ ചെലവായി കണക്കാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com