എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

പി ജയരാജൻ വടകര ലോക്സഭ മണ്ഡലത്തിൽ ഇടതു സ്​ഥാനാർഥിയായി മൽസരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: എം വി ജയരാജനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നു ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ ജില്ല സെക്രട്ടറി പി ജയരാജൻ വടകര ലോക്സഭ മണ്ഡലത്തിൽ ഇടതു സ്​ഥാനാർഥിയായി മൽസരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.   

സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗമായ എം വി ജയരാ‌ജൻ നിലവിൽ  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ പൊലീസ്  അറസ്​റ്റ്​ ചെയ്​തപ്പോൾ, എംവി ജയരാജൻ ആക്ടിങ് ജില്ലാ സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള എം വി ജയരാജൻ നിയമബിരുദധാരിയാണ്.

2011ൽ പി ശശിയെ പുറത്താക്കിയ ഒഴിവിലാണ്​ പി ജയരാജനെ കണ്ണൂർ ജില്ല സെക്രട്ടറിയായി നിയമിക്കുന്നത്​. പി. ജയരാജന്റെ മൂന്നാമത്തെ ടേമാണിത്​. പെരുമാറ്റദൂഷ്യത്തെ തുടർന്ന്​ അച്ചടക്ക നടപടിക്ക്​ വിധേയനായ സിപിഎം മുൻ ജില്ല സെക്രട്ടറി പി ശശിയെ കണ്ണൂർ ജില്ല കമ്മിറ്റിയിലേക്ക്​ തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എംവി ജയരാജൻ ജില്ലാ സെക്രട്ടറിയാകുമ്പോൾ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പുതിയ ആളെ നിശ്ചയിക്കേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com