കായംകുളത്ത് പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളെ പൊലീസ് ആളുമാറി മര്‍ദിച്ചു; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, പ്രതിഷേധം

പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെയാണ് സിഐ ഉള്‍പ്പടെയുള്ള പൊലീസ് സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്
കായംകുളത്ത് പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളെ പൊലീസ് ആളുമാറി മര്‍ദിച്ചു; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, പ്രതിഷേധം

ആലപ്പുഴ: കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് ആളു മാറി മര്‍ദിച്ചു. പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെയാണ് സിഐ ഉള്‍പ്പടെയുള്ള പൊലീസ് സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്. 

ചൊവ്വാഴ്ച വൈകീട്ട്  4.30 ഓടെയായിരുന്നു സംഭവം. കായംകുളം പുത്തന്‍തെരുവ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഷാദിലിനെയും ഷാഹിദിനെയും പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി. എഎസ്‌ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ടുപേരെയും മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദിച്ച ശേഷം ദേഹപരിശോധന നടത്തിയ പൊലീസ് ആള് മാറിപ്പോയെന്ന് പറഞ്ഞ് പെട്ടെന്ന് സ്ഥലം വിട്ടതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. 

പിന്നാലെ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ   സംഘത്തെ കാറിലെത്തിയ മറ്റൊരു സംഘം മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. മര്‍ദ്ദിച്ച ശേഷം ആള് മാറിയെന്ന മനസ്സിലായതോടെ പൊലീസ് കുട്ടികളെ വിട്ടയച്ചു.  

ഇതിനിടെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ എത്തിയ കായംകുളം സിഐയെ മര്‍ദനത്തിരയായ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞതോടെ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ജീപ്പില്‍ കയറിയ സിഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചതോടെ ആശുപത്രി പരിസരത്ത് സംഘര്‍ഷമായി. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിനെതിരെ കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com